ഹോർമുസിൽ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്; ജലപാതയിലെ തെറ്റായ തീരുമാനങ്ങൾ ശത്രുവിനെ മരണച്ചുഴിയിൽ പെടുത്തുമെന്ന് ഇറാൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതോടെ ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് . ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരുന്നതും, അവിടെ നിന്നും പോകുന്നതുമായ കപ്പലുകൾ തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് താൻ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പാകിസ്താനിൽ ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ കടുത്ത നീക്കം ഉണ്ടായിരിക്കുന്നത്.
ഈ ഉപരോധം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന കപ്പലുകളെയാണെന്നും പറയുന്നുണ്ട്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പെട്രോഡോളർ വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുന്നതിനും അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാനുമാണ് പല കപ്പലുകളും ചൈനീസ് യുവാൻ ഉപയോഗിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ചൈനയെയും ഇറാനെയും ഒരേസമയം നേരിടാനാണ് അമേരിക്ക ഇപ്പോൾ ശ്രമിക്കുന്നത്.
അമേരിക്കയുടെ സാമ്പത്തിക സമ്മർദ്ദ തന്ത്രങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഇരുരാജ്യങ്ങളും ഇതിനകം തെളിയിച്ചു എന്നത് ട്രംപിന് വലിയ വെല്ലുവിളിയാണ്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള വിപണിയിൽ ഇപ്പോൾ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നത്.
എണ്ണയ്ക്ക് പുറമെ വളം, അലുമിനിയം, പ്ലാസ്റ്റിക്, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെയും വില കുത്തനെ വർദ്ധിച്ചു. സൗദി അറേബ്യയിലെ കെമിക്കൽ പ്ലാന്റുകൾക്ക് ഇറാൻ മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത് പാക്കേജിങ് സാമഗ്രികളുടെ ക്ഷാമത്തിനും കാരണമായിട്ടുണ്ട്. ഇത് വികസ്വര രാജ്യങ്ങളിൽ വലിയ തോതിലുള്ള ഭക്ഷ്യക്ഷാമത്തിനും സാമ്പത്തിക മാന്ദ്യത്തിനും വഴിവെച്ചേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സാമ്പത്തിക യുദ്ധത്തിൽ അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യം അവസാനിക്കുന്നതിന്റെ ചില സൂചനകളാണ് ഈ സംഭവങ്ങൾ നൽകുന്നത്. ലോകം പുതിയ സാമ്പത്തിക ക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഉപരോധങ്ങൾ അമേരിക്കയുടെ ശക്തമായ ഒരു ആയുധമായിരുന്നെങ്കിൽ, ഇന്ന് ചൈനയെപ്പോലുള്ള രാജ്യങ്ങൾ അതിന് ശക്തമായ മറുപടി നൽകുന്നുണ്ട്.
ആഗോള വ്യാപാര ബന്ധങ്ങളിലെ വിള്ളലുകൾ മൂലം ഇന്ത്യ, അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ ആഭ്യന്തര ഉൽപ്പാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തന്ത്രപ്രധാനമായ വസ്തുക്കളുടെ ഇറക്കുമതിക്കായി മറ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്ന് രാജ്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പുതിയ പൈപ്പ് ലൈനുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം നീണ്ടുനിൽക്കുന്നത് ലോകമെമ്പാടും പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ഇറാൻ പൂർണ്ണമായി കടലിടുക്ക് അടയ്ക്കുന്നതിന് പകരം കപ്പലുകളുടെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചുകൊണ്ട് തങ്ങളുടെ അധികാരം പ്രയോഗിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഹോർമുസിലേക്ക് പ്രവേശിക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്ന എല്ലാ കപ്പലുകളെയും തടയുമെന്നുള്ള ട്രംപിന്റെ ഭീഷണി കണക്ക് കൂട്ടലുകൾ തെറ്റിക്കുകയാണ്. ഇറാനികൾ കടലിടുക്കിൽ സ്ഥാപിച്ച മൈനുകളും അമേരിക്ക നശിപ്പിക്കും. അമേരിക്കൻ സൈന്യത്തിന് നേരെ വെടിയുതിർത്താൽ നരകമായിരിക്കും ഫലം എന്നും നിയമവിരുദ്ധമായ കൊള്ളയടിക്കലിന് ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറയുന്ന്നു.
എന്നാൽ ഹോർമുസ് ഉപരോധിക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ വെല്ലുവിളിക്കുകയാണ് ഇറാൻ. അമേരിക്കയുടെ ഭീഷണിക്കെതിരെ പാകിസ്താനിൽ ചർച്ചയ്ക്ക് നേതൃത്വം കൊടുത്ത പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഐആർജിസിയും രംഗത്ത് വന്നിട്ടുണ്ട്. ഹോർമുസ് ഉപരോധിക്കാനുള്ള നീക്കം ഇറാനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഗാലിബാഫ് പറയുന്നത്. ഒരു ഭീഷണിക്ക് മുന്നിലും ഇറാൻ മുട്ടുമടക്കില്ലെന്ന മുന്നറിയിപ്പും ഗാലിബാഫ് നൽകിയിട്ടുണ്ട്.
അതേസമയം ഒരു പടികൂടി കടന്ന് അമേരിക്കയ്ക്ക് ശക്തമായ താക്കീതാണ് ഐആർജിസി നൽകുന്നത്. ഹോർമുസ് ജലപാതയിലെ തെറ്റായ നീക്കങ്ങൾ ശത്രുവിനെ മരണച്ചുഴിയിൽ പെടുത്തുമെന്നായിരുന്നു ഐആർജിസിയുടെ മുന്നറിയിപ്പ്. ഹോർമുസ് വഴി വരുന്ന സൈനിക കപ്പലുകളെ ദാക്ഷിണ്യമില്ലാതെ നേരിടുമെന്ന മുന്നറിയിപ്പ് ഐആർജിസി ആവർത്തിച്ചിട്ടുണ്ട്. ചരക്ക് കപ്പലുകൾ ഉൾപ്പെടെയുള്ള സിവിലിയൻ കപ്പലുകൾ ഹോർമുസ് വഴി കടത്തിവിടുമെന്നും ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്.








