ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് തുർക്കി ; ഇസ്രായേലിൻ്റെ നഷ്ടം 5000 കോടി രൂപയ്ക്കടുത്ത്
ഗാസയിലെ ആക്രമണത്തിൻ്റെ പേരിൽ ഇസ്രായേലുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലെ മാനുഷിക ദുരന്തം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തുർക്കി ഇസ്രയേലുമായുള്ള വ്യാപാര ബന്ധം നിർത്തിവെച്ചിരിക്കുന്നത്.
ഗാസയിലേക്ക് തടസ്സമില്ലാത്ത കൃത്യമായ സഹായം ഇസ്രായേൽ അനുവദിക്കുന്നതുവരെ നടപടികൾ നിലനിൽക്കുമെന്ന് തുർക്കി വ്യാപാര മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 7 ബില്യൺ ഡോളറിൻ്റെ അടുത്ത് ആയിരുന്നു.
വ്യാപാരം നിർത്തിവെച്ചതിനു തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ആരോപിച്ചു.
“മിസ്റ്റർ എർദോഗൻ താങ്കൾ തുർക്കി ജനതയുടെയും വ്യവസായികളുടെയും താൽപ്പര്യങ്ങൾ അവഗണിക്കുകയും അന്താരാഷ്ട്ര വ്യാപാര കരാറുകൾ അവഗണിക്കുകയും ചെയ്യുന്നു” എന്നാണ് ഇസ്രായേൽ വിദേശ കാര്യ മന്ത്രി ആയ ഇസ്രായേൽ കാറ്റ്സ് എക്സിൽ കുറിച്ചത് .
പ്രാദേശിക ഉൽപ്പാദനത്തിലും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് തുർക്കിയുമായുള്ള വ്യാപാരത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്താൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാര സസ്പെൻഷനിൽ “എല്ലാ ഉൽപ്പന്നങ്ങളും” ഉൾക്കൊള്ളുന്നുവെന്ന് ആണ് തുർക്കിയുടെ ഒരു പ്രസ്താവന.
ഗസ്സയിലേക്ക് തടസ്സമില്ലാത്തതും മതിയായതുമായ മാനുഷിക സഹായം ഇസ്രായേൽ സർക്കാർ അനുവദിക്കുന്നതുവരെ തുർക്കി ഈ പുതിയ നടപടികൾ കർശനമായും നടപ്പിലാക്കും.
1949-ൽ ഇസ്രയേലിനെ അംഗീകരിച്ച ആദ്യത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായിരുന്നു തുർക്കി. എന്നാൽ ഈ അടുത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന സ്ഥിതിയിലേക്ക് മാറി .
2010-ൽ, ഗാസ മുനമ്പിലെ ഇസ്രയേലിൻ്റെ സമുദ്ര ഉപരോധം തകർക്കാൻ ശ്രമിച്ച തുർക്കി ഉടമസ്ഥതയിലുള്ള കപ്പലിൽ കയറിയ ഇസ്രായേൽ കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിൽ 10 പലസ്തീൻ അനുകൂല തുർക്കി പ്രവർത്തകർ കൊല്ലപ്പെട്ടതിനെത്തുടർന്ന് തുർക്കി ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിചിരുന്നു.
എന്നാൽ 2016-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷെ ഗാസ-ഇസ്രായേൽ അതിർത്തിയിലെ പ്രതിഷേധങ്ങൾക്കിടയിൽ ഇസ്രായേൽ ഫലസ്തീനികളെ കൊന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് വർഷത്തിന് ശേഷം ഇരു രാജ്യങ്ങളും പരസ്പരം ഉന്നത നയതന്ത്രജ്ഞരെ പുറത്താക്കുകയായിരുന്നു .കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിന് ശേഷം തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗൻ ഇസ്രയേലിനെതിരായ വിമർശനങ്ങളിൽ കൂടുതൽ ശക്തമാക്കി .
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി, ജോസഫ് സ്റ്റാലിൻ എന്നിവരുമായി താരതമ്യപ്പെടുത്തി “ഗാസയിലെ കശാപ്പുകാരൻ” എന്ന് അദ്ദേഹം തുടർച്ചയായി വിമർശിച്ചു.
ഇസ്രയേലിനോട് ധാർമ്മികത പ്രസംഗിക്കാൻ കഴിയുന്ന അവസാനത്തെ വ്യക്തിയാണ് തുർക്കിയുടെ നേതാവെന്ന് നെതന്യാഹു പറഞ്ഞു. മാർച്ചിൽ പ്രസിഡൻ്റ് എർദോഗൻ “ഹമാസിൻ്റെ കൂട്ടക്കൊലയാളികളെയും ബലാത്സംഗക്കാരെയും പിന്തുണയ്ക്കുന്നു, അർമേനിയൻ വംശഹത്യയെ നിഷേധിക്കുന്നു, കൂടാതെ സ്വന്തം രാജ്യത്ത് കുർദുകളെ കൂട്ടക്കൊല ചെയ്യുന്നു” എന്ന് നെതന്യാഹു പറഞ്ഞു.