റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ തകർന്നടിഞ്ഞ് യുക്രൈൻ; റഷ്യക്ക് തുണയായി മാറിയത് ഇറാൻറെ ഷഹീദ് ഡ്രോണുകൾ
യുക്രെയ്നിലെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപകമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 7 പേർ കൊല്ലപ്പെട്ടു. ഡ്രോൺ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ് കൊല്ലപ്പെട്ടത്.
തങ്ങളുടെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ച റഷ്യക്കെതിരായ ഉപരോധം വര്ധിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ശൈത്യകാലം അടുത്തപ്പോൾ ഊർജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം സാധാരണക്കാരെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 450 ഡ്രോണുകളും 45 മിസൈലുകളും റഷ്യ ഊർജ നിലയങ്ങൾക്കു നേരെ തൊടുത്തു എന്നും സെലെൻസ്കി പറഞ്ഞു.
കീവ്, പൊൾട്ടാവ, ഖാർകീവ് മേഖലകളിലെ പല ഊർജ ഉൽപാദന കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ തകരാർ നേരിട്ടിരിക്കുകയാണ്. പൊൾട്ടാവ മേഖലയിലെ ക്രെമൻചുക്, ഹൊരിഷ്നി പ്ലാവ്നി നഗരങ്ങളിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. 2022ൽ യുദ്ധം തുടങ്ങിയതിനു ശേഷം ഊർജകേന്ദ്രങ്ങൾക്കു നേരെ റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഊർജോൽപാദന കമ്പനിയായ സെൻട്രെ നെർജോ പറയുന്നു.
യുക്രെയ്ന്റെ കിഴക്കൻ നഗരമായ പൊക്രോ വ്സ്ക് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്കു നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 21 മാസമായി ഇവിടെ റഷ്യൻ സൈന്യം നീക്കം നടത്തുന്നുണ്ട്. ഇപ്പോൾ നഗരം ഏറെക്കുറെ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായി എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, റഷ്യൻ സൈന്യം മുന്നേറുകയാണെങ്കിലും പൊക്രോ വ്സ്ക് കീഴടക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ സൈന്യം അവകാശപ്പെടുന്നത്. കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായും സൈന്യം പറയുന്നു.
ഇപ്പോൾ മൂന്നു പേരടങ്ങുന്ന ചെറു സംഘങ്ങൾ ആയിട്ടാണ് റഷ്യൻ സൈന്യം മുന്നേറുന്നത്. യുക്രെയ്ൻ ഡ്രോണുകൾക്ക് ഇത്രയും പേരെ ഒരുമിച്ച് നിരീക്ഷിച്ച് ആക്രമിച്ച് മുന്നേറ്റം തടയാൻ സാധിക്കുന്നില്ല. ഗ്രൂപ്പിലെ രണ്ടുപേർ കൊല്ലപ്പെട്ടാലും മൂന്നാമത്തെയാൾ മുന്നേറുകയെന്ന തന്ത്രമാണ് റഷ്യ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് സംഘങ്ങൾ ഓരോ ദിവസവും പൊക്രോ വ്സ്കിലേക്ക് എത്തുകയാണ്.
ഉക്രൻ സൈന്യവും ഇത് സ്ഥിരീകരിക്കുന്നുണ്ട്.
ഈ രീതിയിലെ ആക്രമണം കൂടാതെ, രാജ്യമെങ്ങും ദിനംപ്രതി നടക്കുന്ന റഷ്യൻ ഡ്രോൺ ആക്രമണങ്ങളാണ് യുക്രെയ്നെ തകർക്കുന്നത്. സൈനിക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് റഷ്യ രാത്രികാല ഡ്രോൺ ആക്രമണങ്ങൾ വർധിപ്പിക്കുകയാണ്. ഈ യുദ്ധത്തിൽ റഷ്യ നടത്തിയ തന്ത്രപരമായ വിജയകരമായ നീക്കങ്ങളിലൊന്നായാണ് ഈ ഡ്രോൺ ആക്രമണങ്ങളെ വിദഗ്ദർ വിലയിരുത്തുന്നത്.
യുക്രെയ്ന് നേർക്ക് റഷ്യ തൊടുത്തുവിടുന്ന ഡ്രോണുകളിൽ പലതിനും വലിയ വേഗതയോ ഉയർന്ന സാങ്കേതികവിദ്യയോ ഇല്ല. ഇതൊക്കെ വളരെ വിലകുറഞ്ഞതുമാണ്. ഇത്തരത്തിൽ ഓരോ രാത്രിയിലും 700 ഡ്രോണുകൾ വരെ റഷ്യ യുക്രെയ്ന് നേരെ പ്രയോഗിക്കാറുണ്ട്. യുക്രെയ്ൻ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ തടയാൻ മിക്കപ്പോഴും സാധിക്കാതെ വരുന്നത് യുക്രെയ്നെ വലിയ പ്രതിസന്ധിയിലാക്കുകയാണ്.
ഇറാനുമായി ചേർന്നുള്ള തന്ത്രപരമായ പങ്കാളിത്തമാണ് റഷ്യയുടെ ഈ ആക്രമണശേഷിക്ക് കരുത്ത് നൽകുന്നത്. ഇറാനിൽ നിന്നാണ് ഈ വിലകുറഞ്ഞതും എന്നാൽ പ്രഹരശേഷി ഉള്ളതുമായ ഡ്രോണുകൾ റഷ്യ ആദ്യം സ്വന്തമാക്കിയത്. ഇറാന്റെ വിഖ്യാതമായ ഷഹീദ് ഡ്രോണുകളുടെ ടെക്നോളജി മനസ്സിലാക്കിയ റഷ്യ, അവയുടെ ബ്ലൂപ്രിന്റുകളും അത്യാധുനിക സാങ്കേതികവിദ്യയും കൈവശപ്പെടുത്തി.
ഇന്ന്, റഷ്യ ഈ ഡ്രോണുകൾ സ്വന്തം രാജ്യത്ത് വൻതോതിൽ നിർമ്മിക്കുകയാണ്. തദ്ദേശീയമായി സ്ഥാപിച്ച ഫാക്ടറികളിൽ നിന്ന് ഓരോ മാസവും ആയിരക്കണക്കിന് ഷഹീദ് മാതൃകയിലുള്ള ഡ്രോണുകളാണ് യുദ്ധമുഖത്തേക്ക് എത്തുന്നത്.
യുക്രെയ്ൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ഓരോ മാസവും 6,000-ത്തിലധികം ഷഹീദ് മാതൃകയിലുള്ള ഡ്രോണുകൾ നിർമ്മിക്കാൻ റഷ്യ തയ്യാറെടുക്കുകയാണ്. വലിയ ഉൽപ്പാദന കേന്ദ്രം സ്ഥാപിച്ചതോടെ, ഒരു ഡ്രോണിന്റെ നിർമ്മാണ ചെലവ് മൂന്നിൽ ഒന്നായി കുറയുകയും ചെയ്തിട്ടുണ്ട്.













