നോർവെയും,അയർലണ്ടും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു..
ക്ഷുഭിതരായ ഇസ്രായേൽ പ്രതികരിച്ചത് ഇങ്ങനെ ..
നോർവേയും അയർലൻഡും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിൽ പ്രതിഷേധിച്ച് ഇസ്രായേൽ. നോർവേയിൽ നിന്ന് ഇസ്രായേൽ അംബാസഡറെ തിരിച്ചുവിളിച്ചാണ് ഇസ്രായേൽ പ്രതിഷേധം അറിയിച്ചത്. അയർലൻഡിൽ നിന്നും ഉടൻ അംബാസഡറെ തിരിച്ചുവിളിക്കുമെന്നാണ് കരുതുന്നത്. തീവ്രവാദത്തെ അംഗീകരിക്കുന്നുവെന്നാണ് അയർലൻഡും നോർവേയും ലോകത്തിന് നൽകിയ സംഭാവനയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാത്സ് പ്രതികരിച്ചു.ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ ഗസ്സയിലെ വെടിനിർത്തലും ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുന്നതും അനന്തമായി നീളുമെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനാണ് തീരുമാനമെങ്കിൽ അംബാസഡറെ പിൻവലിക്കുമെന്ന് സ്പെയിനിനും ഇസ്രായേൽ മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിൽ സമാധാനം പുലരണമെങ്കിൽ ഫലസ്തീന് രാഷ്ട്രമായി അംഗീകാരം വേണമെന്ന് കഴിഞ്ഞ ദിവസം നോർവേ പ്രധാനമന്ത്രി ജോനസ് ഗഹ്ർ സ്റ്റോർ പ്രസ്താവിച്ചിരുന്നു. മേയ് 28നാണ് നോർവേ ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുക. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയെ കൂടിയാണ് പിന്തുണക്കുന്നതെന്ന് നോർവേ വ്യക്തമാക്കി
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ സൂചന നൽകിയിരുന്നു. പശ്ചിമേഷ്യൻ മേഖലയിൽ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നാണവർ ചൂണ്ടിക്കാട്ടിയത്.
നോർവേ യൂറോപ്യൻ യൂനിയൻ രാജ്യമല്ല. ഫലസ്തീന് സ്വതന്ത്രരാഷ്ട്രമാകാനുള്ള അവകാശമുണ്ടെന്നും ഗസ്സയിലെ ഹമാസും മറ്റ് സായുധ സംഘങ്ങളും ദ്വിരാഷ്ട്ര പരിഹാര ഫോർമുലയെ പിന്തുണക്കുന്നില്ലെന്നും നോർവേ സർക്കാർ അറിയിച്ചു. ഓസ്ലോ ഉടമ്പടി ഒപ്പുവെച്ച് 30 വർഷത്തിനു ശേഷമാണ് നോർവേ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത്.
അതെ സമയം ഗസ്സക്കൊപ്പം, വെസ്റ്റ് ബാങ്കിലും കൂട്ടക്കുരുതി കനപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ വിദ്യാർഥികൾ, അധ്യാപകൻ, ഡോക്ടർ എന്നിവരടക്കം ഏഴു പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില അതിഗുരുതരമാണ്. ആദ്യം വേഷം മാറിയെത്തിയ സൈനികർ നിലയുറപ്പിച്ച ശേഷം സൈനിക വാഹനങ്ങൾ ക്യാമ്പിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. റെയ്ഡിനു പിന്നാലെ അടച്ച സ്കൂളിൽനിന്ന് കുട്ടികളെ കൂട്ടാനെത്തിയ രക്ഷിതാക്കളും കൊല്ലപ്പെട്ടവരിൽ പെടും.വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ മുന്നറിയിപ്പില്ലാതെ നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ഫലസ്തീൻ സിവിലിയന്മാർ അതിക്രൂരമായി കൊല്ലപ്പെട്ടു. ബെയ്ത്ത് ലാഹിയക്ക് സമീപത്തെ മഷ്റൂവിലാണ് തിങ്കളാഴ്ച മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ആക്രമണം നടന്നത്. വീടുകൾക്ക് നേരെ നടന്ന വ്യോമാക്രമണത്തിൽ കെട്ടിടങ്ങൾ നിലംപരിശാവുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.കഴിഞ്ഞ 24 മണിക്കൂറിനിടെ 106 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. റഫയിൽ പാർപ്പിടം തകർത്ത് എട്ട് ഫലസ്തീനികളെ കൊലപ്പെടുത്തി. ബെയ്ത്ത് ഹനൂനിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കമാൽ അദ്വാൻ ആശുപത്രിയിൽ രണ്ടുദിവസമായി ഉപരോധം തുടരുന്ന ഇസ്രായേൽ സൈന്യം ഇവിടെയുള്ള രോഗികളെ മാറ്റുന്നതുൾപ്പെടെ തടയുകയാണ്. ഗസ്സയിൽ 24 മണിക്കൂറിനിടെ 85 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 200ലേറെ പേർക്ക് പരിക്കേറ്റു. ഇതോടെ മരണസംഖ്യ 35,647 ആയി. പരിക്കേറ്റവർ 79,852 ആണ്.
അതിനിടെ, ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈനികർക്കെതിരായ നീക്കത്തിൽ അവർക്ക് ആളപായവും പരിക്കുമുണ്ടായതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. മധ്യഗസ്സയിൽ ഇസ്രായേൽ സൈനികർക്ക് ആളപായം വരുത്തിയതായി മറ്റൊരു സായുധ വിഭാഗമായ അൽഖുദ്സ് ബ്രിഗേഡ്സും അറിയിച്ചു.