ലൈസന്‍സില്ലാതെ ഏഴ് ലക്ഷം ഭക്ഷണശാലകള്‍; ആളില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
ഭക്ഷ്യവിഷബാധ കേസുകള്‍ കൂടുമ്പോഴും നിയമം നടപ്പിലാക്കാന്‍ ആവാതെ ഭക്ഷ്യസുരക്ഷ വകുപ്പ്. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികയില്‍ ആളില്ല. രണ്ടു വര്‍ഷമായി ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ സ്ഥിര നിയമനം നടത്തിയിട്ട്. മിക്ക ഭക്ഷണശാലകള്‍ക്കും ലൈസന്‍സില്ല. 10 ലക്ഷത്തോളം ഭക്ഷണശാലയില്‍ ലൈസന്‍സുള്ളത് 30 ശതമാനത്തിന് മാത്രം. ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. തിരുവനന്തപുരം ജില്ലയില്‍ ലൈസന്‍സ് എടുക്കാന്‍ 500 കടകള്‍ക്ക് നോട്ടീസ് നല്കി. പോലീസുമായി ചേര്‍ന്ന് നടത്തുന്ന ജില്ലാനന്തര പരിശോധനകള്‍ നിലച്ചിട്ട് രണ്ടുവര്‍ഷത്തോളം ആയി. കടകള്‍ക്ക് ആകെയുള്ളത് തദ്ദേശസ്ഥാപനങ്ങള്‍ ന്ല്കുന്ന ലൈസന്‍സ് മാത്രം!
കഴിഞ്ഞദിവസം ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡങ്ങള്‍ കൊണ്ടുവരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷവര്‍മയില്‍ ഉപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യപ്പെടാറില്ല. അതിനാല്‍ മാംസം പൂര്‍ണമായും വേവിക്കാന്‍ കഴിയുന്ന മെഷീന് ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
പച്ച മുട്ട ഉപയോഗിച്ചാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് തയ്യാറാക്കുന്നത്. ഇത് അപകടസാധ്യത ഉണ്ടാക്കുന്നുവെന്നും അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ട മാത്രമെ ഉപയോഗിക്കാവൂ എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി ഭക്ഷ്യസുരക്ഷ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: 7 lakh food shops with work no license. State food safety dept. run low in officers