ഒരു കുഞ്ഞിന് ജീവനുണ്ടായിരുന്നു, പക്ഷേ ആശുപത്രിയിൽ പോകാൻ വണ്ടിയൊന്നും കിട്ടിയില്ല; കണ്ണീരോടെ അട്ടപ്പാടിയിലെ കുട്ടികളുടെ അമ്മ
ആ സമയത്ത് ഒരു വാഹനം കിട്ടിയിരുന്നെങ്കിൽ മക്കളിൽ ഒരാളെ രക്ഷിക്കാമായിരുന്നെന്ന് പറഞ്ഞ് കരയുകയാണ് അട്ടപ്പാടിയിൽ വീട് തകർന്ന മരിച്ച കുട്ടികളുടെ അമ്മ. എന്റെ , മടിയിൽ വെച്ചപ്പോൾ മകന് അനക്കമുണ്ടായിരുന്നു. എന്നാൽ പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല. ഇതോടെയാണ് സ്കൂട്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു.
‘ഭിത്തി പൊട്ടിയ ശബ്ദം കേട്ടാണ് ഓടിപ്പോയി നോക്കിയത്. ഞങ്ങളുടെ കുട്ടികളുടെ ദേഹത്താണ് ഭിത്തി വീണത്. അതിൽ ഒരാള് അവിടെ വെച്ച് തന്നെ പോയിരുന്നു. എന്നാൽ മറ്റൊരാൾക്ക് ജീവനുണ്ടായിരുന്നു. അവിടെയാണെങ്കിൽ വണ്ടികളൊന്നും ഇല്ല.
പിന്നെ വിളിച്ചപ്പോ പരിധിക്ക് പുറത്താണെന്ന് പറയുന്നതാണ് കേട്ടത്. പിന്നെ അനിയന്മാരുടെ ബൈക്കിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ഇനിയൊരു കുട്ടികൾക്കും ഈ ഗതി വരരുത്.വീട് കൊടുത്താൽ മുഴുവൻ പൈസയും കൊടുത്ത് പൂർത്തിയാക്കാൻ കഴിയണം എന്നും കരഞ്ഞു കൊണ്ടാണ് ഈ കുട്ടികളുടെ അമ്മ പറയുന്നത്.
ഇന്നലെ ശനിയാഴ്ച വൈകുന്നേരമാണ് കളിക്കുന്നതിനിടെ കുട്ടികളുടെ മുകളിലേക്ക് വീട് തകർന്ന് വീണത്. കരുവാര ഊരിലെ അജയ് – ദേവി ദമ്പതികളുടെ ഏഴു വയസ്സുള്ള ആദി , നാല് വയസ്സുകാരൻ അജ്നേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ ആറു വയസുകാരി അഭിനയ പരിക്കുകളോടെ ചികിത്സയിലാണ്. നാലുവയസുകാരന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.ഏഴുവയസുകാരന് ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നു. മരിച്ച കുട്ടികൾ സീങ്കര സെന്റ് ജോർജ് എൽപി സ്കൂളിലെ വിദ്യാർഥികളാണ്. ഇവർക്ക് അജന്യ എന്നൊരു സഹോദരി കൂടെയുണ്ട്.
2016ൽ നിർമാണം നിർത്തിവെച്ചിരുന്ന വീടിന്റെ സൺ ഷേഡാണ് ഇന്നലെ കുട്ടികളുടെ മുകളിലേക്ക് തകർന്ന് വീണത്. കുട്ടികൾ ഈ ഭാഗത്ത് സ്ഥിരമായി കളിക്കാറുള്ളതായാണ് പ്രദേശവാസികളും പറയുന്നത്. കുട്ടികൾ കളിക്കുന്നതിനിടെ വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീഴുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളാണ് സ്ലാബിനടിയിൽപ്പെട്ട കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. എന്നാൽ അവരുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിൽ ഏറെ ദുഖിതരാണ് അയൽക്കാരും.
അപകടം സംഭവിച്ച കുട്ടികളെ ആദ്യം ബൈക്കിലും പിന്നീട് വനം വകുപ്പിന്റെ ജീപ്പിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ കുട്ടി കരുവാരയിലേക്ക് വിരുന്നു വന്ന കുട്ടിയാണ്. സർക്കാർ പദ്ധതി ഉപയോഗിച്ച് നിർമാണം നടത്തുന്ന വീടാണ് അപകടത്തിൽ പെട്ടത്. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകത്തുള്ള ഒരു പ്രദേശമാണ് കരുവാര ഊര്.
അതേസമയം, രണ്ടു കുട്ടികൾ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു.ബോധപൂർവം വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ അപകടകരമായ രീതിയിൽ ഉണ്ടെങ്കിൽ അത് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2016-ൽ ഐ.ടി.ഡി.പി. ഉന്നതിയിലെ രമേശിന് അനുവദിച്ച വീടാണിത്. 4.64 ലക്ഷം രൂപ അനുവദിച്ചതിൽ 3.32 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി അധികൃതർ പറഞ്ഞു. പണമില്ലാത്തതിനെ തുടർന്നാണ് നിർമ്മാണം നിലച്ചത്. ഇത്തരം ഒട്ടേറെ പണിതീരാത്ത വീടുകൾ ഉന്നതികളിൽ ഇനിയും ഉണ്ടെന്നാണ് പറയുന്നത്.
ഗതാഗത സൗകര്യങ്ങൾ ഇത്രയേറെ വികസിച്ചിട്ടും, അടിയന്തിരമായ ഒരു അവസ്ഥയിൽ പോലും വാഹനങ്ങൾ കിട്ടാത്ത പ്രദേശങ്ങൾ പോലും നമ്മുടെ കേരളത്തിലുണ്ട് എന്നത് ദുഃഖകരമായ ഒരു സത്യമാണ്.
മെട്രോയെ കുറിച്ചും ബുള്ളറ്റ് ട്രെയിനിനെ കുറിച്ചും നമ്മൾ സംസാരിക്കുമ്പോൾ, ജീവൻ രക്ഷിക്കാൻ ഒരു കാറോ ജീപ്പോ പോലും കിട്ടുന്നില്ലല്ലോ എന്ന സങ്കടമാണ് അട്ടപ്പാടി കരുവാര ഊരിൽ ഉള്ളവർക്ക്. അടിസ്ഥാന സൗകര്യങ്ങളായ ആംബുലൻസ് ഒക്കെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തേണ്ടതാണ്. അത് എത്തിക്കുക എന്നത് സർക്കാരിന്റെ ചുമതലയാണ്.
ഉത്തർപ്രദേശിലും ബിഹാറിലും വാഹനങ്ങൾ കിട്ടാതെ സൈക്കിളിൽ കയറ്റി കൊണ്ട് പോകുന്നതും രോഗി മരിക്കുന്നതും ഒക്കെയാണ് നമ്മൾ അറിയുന്ന ഇത്തരത്തിലെ സംഭവങ്ങൾ. എന്നാൽ ഇതൊക്കെ കേരളത്തിലും നടക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ഓൺലൈൻ ടാക്സിയിൽ സഞ്ചരിക്കണോ അതോ സാധാരണ ടൂറിസ്റ്റ് ടാക്സികളിൽ കയറണോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്നവരാണ് നമ്മളിൽ പലരും. അപ്പോളാണ് സ്വന്തം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഒരു വാഹനവും വന്നില്ലല്ലോ എന്ന് പറഞ്ഞ് കരയുന്ന ഒരു അമ്മയെ നമ്മൾ കാണുന്നത്. അട്ടപ്പാടിയും കരുവാര ഊരും ഇതേ കേരളത്തിലാണ്. അവരുടെ ഇത്തരം ബുദ്ധിമുട്ടുകളും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട കാര്യങ്ങളാണ്.












