മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ പി സി ജോർജിനെതിരെ കേസെടുത്തു
ലൈംഗിക പീഡനക്കേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പി സി ജോർജിനെതിരെ കേസെടുത്തു. കൈരളി ടി.വി സീനിയർ റിപ്പോർട്ടർ എസ് ഷീജയോടാണ് പി സി ജോർജ് അപമര്യാദയായി പെരുമാറിയത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ പി സി 509 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തൈക്കാട് ഗസ്റ്റ്ഹൗസിനു മുന്നിലെ പി സി ജോർജിന്റെ മോശം പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തിയ പിസി ജോർജിനെ അറസ്റ്റ് ചെയ്യുന്നതായി അറിഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് സാമാന്യമര്യാദ ലംഘിച്ച് പി സി ജോർജ് പെരുമറിയത്. പരാതിക്കാരിയുടെ പേര് പറയുന്നില്ലെങ്കിൽ റിപ്പോർട്ടറുടെ പേര് പറയട്ടെ എന്ന വഷളൻ ചോദ്യമാണ് പി സി ജോർജ് ഉന്നയിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പരാതിക്കാരിയുടെ പേര് പി സി ജോർജ് പലതവണ ആവർത്തിച്ചിരുന്നു ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് കൈരളി ടി വി റിപ്പോർട്ടറോട് അപമര്യാദയായി ജോർജ് പെരുമാറിയത്. പി സി ജോർജിനെപ്പോലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനിൽനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണിതെന്ന് പത്രപ്രവർത്തക യൂണിയൻ കെ യു ഡബ്ല്യു ജെ വ്യക്തമാക്കി.
Content Highlights – PC George, Case has been filed For misbehaving with a journalist