വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി മോഷണം നടത്തിയ കേസ്; ബന്ധു അറസ്റ്റില്‍
വീട്ടമ്മയെ ചിരവ കൊണ്ട് തലയക്കടിച്ച് മോഷണം നടത്തിയ കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. മാമ്പ്ര വേഴപ്പറമ്പന്‍ ജോബി (49)യാണ് അറസ്റ്റിലായത്. കൊരട്ടി കട്ടപ്പുറം മേലേടന്‍ പോളിയുടെ ഭാര്യ ജെസി(58)യെ ബുധനാഴ്ചയാണ് ഇയാള്‍ ചിരവ കൊണ്ട് അടിച്ച് വീഴ്ത്തി സ്വര്‍ണം മോഷ്ടിച്ച് കടന്നു കളഞ്ഞത്. ജെസിയുടെ ഭര്‍തൃമാതാവിന്റെ സഹോദരന്റെ മകനാണ് ജോബി. മൂന്നര പവനോളം സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവില്‍ പോയ ജോബിയെ കൊരട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ജെസിയുടെ പിറകിലൂടെ വന്ന് ചിരവ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവരുകയുമായിരുന്നു. ബന്ധുവായ ഇയാള്‍ രണ്ടു ദിവസങ്ങളായി ജെസിയുടെ വീട്ടിലെത്തുകയും ക്ഷേമാന്വേഷണത്തിനൊപ്പം സമീപവാസികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഗൃഹനാഥന് ജോലിക്ക് പോയിരിക്കുകയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് കവര്‍ച്ച നടത്തിയത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച കറുകുറ്റി അഡ്ലക്സിന് സമീപം കുളക്കാട്ടില്‍ സാബു(36), കറുകുറ്റി തിരുതനത്തില്‍ സാന്റോ ആന്റണി(40) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീട്ടമ്മ സംഭവം മകളെ ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി ഗുരുതരമായി പരിക്കേറ്റ ജെസിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വര്‍ണ്ണവുമായി മുങ്ങിയ ജോബി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വയ്ക്കുകയും വീട്ടിലെത്തി ഭാര്യക്ക് ഏഴായിരം രൂപ നല്‍കുകയും ചെയ്തു. കൂടാതെ സുഹൃത്തില്‍ നിന്നും വാങ്ങി പണയം വച്ച സ്വര്‍ണ്ണവും തിരിച്ചേല്പ്പതായും പൊലീസ് കണ്ടെത്തി.
ചാലക്കുടി ഡിവൈഎസ് പിയുടെ നിര്‍ദ്ദേശപ്രകാരം സിഐ ബികെ അരുണിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Content Highlights – A case of stealing a housewife by hitting her on the head with a crowbar, Relative Arrested