മഷി നോട്ടത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തി’; പാലക്കാട് ഒരു കുടുംബത്തിന് സമുദായത്തിന്റെ വിലക്ക്
മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തപെട്ട പാലക്കാട് നഗരത്തിലെ ഒരു കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തിയതായി പരാതി. കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായത്തിന്റെ ഊരുവിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. രണ്ട് മാസത്തിലേറെയായി ഊരുവിലക്ക് തുടങ്ങിയിട്ടെന്നും ഇത് മൂലം ഏക വരുമാന മാർഗമായ തുന്നൽ ജോലി പോലും ഇല്ലാതായതായെന്നും കുടുംബം പരാതിപ്പെടുന്നു.
കുന്നത്തൂർമേട് മാരിയമ്മൻ ക്ഷേത്രത്തിൽ രണ്ട് മാസങ്ങൾക്ക് മുൻപ് നടന്ന ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കൾ മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയാണ് കുറ്റക്കാരിയായെന്ന് കണ്ടെത്തിയെന്നും തുടർന്ന് സൗദാമിനീയാണ് മോഷണം നടത്തിയതെന്ന് മുദ്രകുത്തിയതായിട്ടാണ് പരാതി. തുടർന്ന് ഊരുവിലക്ക് ഏർപ്പെടുത്തിയതോടെ കുടുംബം തീർത്തും ഒറ്റപ്പെട്ടു. ക്ഷേത്രത്തിൽ പ്രവേശനമില്ലാതായി. കുട്ടികളെ മറ്റ് കുട്ടികൾ കളിക്കാൻ പോലും കൂട്ടാതായി.
സംഭവത്തിൽ നീതി തേടി ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകി.. എന്നാൽ കുടുംബത്തെ വിലക്കിയിട്ടില്ലെന്നും ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നും സമുദായ നേതാക്കൾ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് അടുത്ത മാസം 14ന് യോഗം വിളിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Content Highlights – A complaint has been made against a family in Palakkad city who were accused of theft