ചായക്ക് മധുരം ഇടാൻ പറഞ്ഞാലും കൈ തല്ലിയൊടിക്കുന്ന നാട്; ലഹരിസംഘവും തട്ടിപ്പുകാരും തകർത്ത കേരളം

നമ്മുടെ നാട്ടിൽ ഇപ്പോൾ ആളുകൾ ചെറിയ കാര്യങ്ങൾക്ക് വരെ വളരെ പെട്ടെന്നാണ് പ്രകോപിതരാകുന്നത്. അതിന് ശേഷമുള്ള പ്രതികരണം എന്താണെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്നതും അത്തരമൊന്നാണ്.
‘ചായ’ക്ക് ഒട്ടും മധുരമില്ല. കുറച്ച് പഞ്ചാസാര ഇടണമെന്ന് ആവശ്യപ്പെട്ടതും, അതിന് പിന്നാലെ ആക്രമണം തുടങ്ങുകയായിരുന്നു. കണ്ടുനിന്നവർ എല്ലാം ഓടി രക്ഷപ്പെട്ടു. വെറുമൊരു ചായയുടെ മധുരത്തെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നാലെ വലിയ തല്ലിലേക്ക് നീങ്ങിയത്.
ചായയ്ക്ക് പഞ്ചാസാര വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ആലപ്പുഴ ബീച്ചിൽ യുവാവിനെ ആറംഗ സംഘം അടിച്ച് വീഴ്ത്തുകയായിരുന്നു. തൃശ്ശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസിൽ സിജോ ജോൺ ആണ് തലക്കും കൈക്കും പരിക്കുകളോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
ബീച്ചിലെ കാറ്റാടി ഭാഗത്താണ് സംഭവം നടന്നത്. ഇടപ്പള്ളിയിലെ ഓയിൽ ഗ്യാസ് കമ്പനിയിലെ ജീവനക്കാരനായ സിജോ ജോൺ മറ്റ് മൂന്ന് പേരുമായിട്ടാണ് ബീച്ചിൽ എത്തിയത്. കാറ്റാടി ഭാഗത്തെ കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ സിഗരറ്റ് കത്തിക്കാൻ ലാമ്പ് ഉണ്ടോയെന്ന് ചോദിച്ചു. ഇതിന് ശേഷം ചായക്ക് അല്പം മധുരം വേണമെന്ന് പറയുകയായിരുന്നു. കടയുടമ പെട്ടെന്ന് ദേഷ്യത്തോടെ ഇല്ലെന്ന് മറുപടി പറഞ്ഞു. അതോടെ ഇരുവരും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
പിന്നീട് ഇവർ കുടിച്ച ചായയുടെ പണവും നൽകി ബീച്ചിലേക്ക് പോയപ്പോൾ പിന്നാലെ എത്തിയ ആറംഗ സംഘം സ്റ്റീൽ കമ്പിയും വടിയുകൊണ്ട് സിജോ ജോണിനെ അടിക്കുകയായിരുന്നു. തലക്കും ഇടതു കൈക്കും ഗുരുതരമായി പരിക്കേറ്റ സിജോജോൺ നിലത്തു വീണു. ഇതിനിടെ പോലീസ് എത്തുന്നത് കണ്ട അക്രമി സംഘം രക്ഷപ്പെട്ടു. ജനറൽ ആശുപത്രിയിൽ എത്തിച്ച സിജോക്ക് തലക്ക് ആറ് തുന്നലും ഇടത് കൈക്ക് പ്ളാസ്റ്ററും ഇട്ടു.
കടകളിൽ മാത്രമല്ല, റോഡിൽ ചെറിയ തോതിൽ മറ്റ് വാഹനങ്ങളുമായി ഉരസിയാൽ പോലും മാരകമായ ആക്രമണമാണ് പലപ്പോഴും ഉണ്ടാകുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ചെറിയ തട്ടലും മുട്ടലും ഉണ്ടായാൽ പരമാവധി വാഹനത്തിന് പുറത്തിറങ്ങാതെ നോക്കുക. നമ്മുടെ വാഹനം റിപ്പയർ ചെയ്യാനുള്ള പൈസയെ ചെലവാകൂ. അല്ലെങ്കിൽ അതിന്റെ പത്തിരട്ടി ബിൽ ഹോസ്പിറ്റലിൽ കൊടുക്കേണ്ടി വരും.
അക്രമ സംഭവങ്ങൾ മാത്രമല്ല, പലയിടത്തും ഇപ്പോൾ ആത്മഹത്യകളും കൂടി വരികയാണ്. പലരും സാമ്പത്തികമായി തകർന്ന നിലയിൽ ആയതും ഇതിനൊരു കാരണമാണ്. പല തട്ടിപ്പുകളിലൂടെ ആയിരക്കണക്കിന് ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. തിരികെ കിട്ടാൻ യാതൊരു വഴിയുമില്ലാത്ത രീതിയിലാണ് പലരും പെട്ടിരിക്കുന്നത്.
തൃശൂരിലും കണ്ണൂരിലുമൊക്കെ ആയിരക്കണക്കിന് ആളുകൾ ഹൈറിച്ച് എന്ന മണിചെയിൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടവരാണ്. ആ നിരാശയിൽ കഴിയുന്നവർ ചെറുതായി ഒരു പ്രശ്നം വരുമ്പോൾ പോലും ആദ്യം ആലോചിക്കുന്നത് ആത്മഹത്യയെ കുറിച്ചാണ്. എപ്പോളും ഓർക്കേണ്ട ഒരു കാര്യം ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നത് തന്നെയാണ്. എല്ലായ്പ്പോലും നിയമത്തിന്റെ വഴിക്ക് തന്നെ നീങ്ങുക. പണം സമ്പാദിക്കാൻ മണിചെയിൻ നടത്താതെ, മാന്യമായ, അംഗീകൃതമായ വഴികൾ മാത്രം സ്വീകരിക്കുക.