പത്തനാപുരത്ത് പൂജ നടത്തിയ ശേഷം സ്വര്‍ണ്ണം മോഷ്ടിച്ച കേസ്; പ്രതി കീഴടങ്ങി
കൊല്ലം പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കോടികളുടെ സ്വര്‍ണ്ണം മോഷ്ടിച്ച കേസിലെ പ്രതി കീഴടങ്ങി. പത്തനാപുരം പാടം സ്വദേശി ഫൈസല്‍ രാജാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ധനകാര്യ സ്ഥാപനത്തില്‍ നിന്നും കോടികളുടെ സ്വര്‍ണ്ണമാണ് മോഷണം പോയത്. മോഷണം നടത്തിയ സ്ഥലത്ത് മദ്യവും ശൂലവും ചരടുകളും വെക്കുകയും വിളക്ക് കൊളുത്തുകയും ചെയ്തിരുന്നു. മോഷ്ടാക്കള്‍ തമിഴ്നാട് സ്വദേശികളെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് ഫൈസല്‍ മൊഴി നല്കി.
അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ കണ്ണിയാണോ ഇയാളെന്ന് സംശയമുള്ളതായി പൊലീസ് പറയുന്നു. ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസ്, ഭവനഭേദനം തുടങ്ങി 21 കേസുകളിലെ പ്രതിയാണ് ഫൈസല്‍ രാജ്. അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തില്‍ തമിഴ് മോഷണ സംഘങ്ങളാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍ പുനലൂര്‍ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രാദേശിക തലത്തിലുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതി ഫൈസലാണെന്ന് കണ്ടെത്തിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചിരുന്നു അതില്‍ ഒരു നമ്പറില്‍ നിന്ന് മോഷണം കഴിഞ്ഞ സമയം കോളുകള്‍ പോയതായി കണ്ടെത്തി. തുടര്‍ന്ന് ഫൈസല്‍ സ്വര്‍ണ്ണം പണയം വച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതോടെ ഇയാളാണ് പ്രതിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് തന്നെ പിടികൂടുമെന്ന് ഉറപ്പായതോടെ പ്രതി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പന്നീട് പത്തനാപുരം പൊലീസിന് കൈമാറിയ പ്രതിയെ മോഷണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights – Stealing Gold, Private Financial Institution, pathanapuram, Accused Surrundered