നാലാം ക്ലാസ്സ് വിദ്യാർത്ഥിയെ കരിവേടനെന്നും കരിങ്കുരങ്ങെന്നും വിളിച്ച് ടീച്ചർ; പുലയന്മാർക്ക് ഇതൊക്കെ മതിയെന്നും അധിക്ഷേപം

കേരളത്തിൽ വർണ്ണ വിവേചനവും, ജാതി അധിക്ഷേപവും ഒക്കെ അവസാനിച്ചു എന്നതിൽ പലപ്പോളും ഊറ്റം കൊല്ലുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ കേരളത്തിൽ പലയിടത്തായി നടക്കുന്ന സംഭവങ്ങൾ ഒക്കെ തെളിയിക്കുന്നത് ഇതൊന്നും പൂർണ്ണമായി നമ്മളെ വിട്ടൊഴിഞ്ഞ് പോയിട്ടില്ല എന്ന് തന്നെയാണ്.
ഇപ്പോൾ പേർകാട് എംഎസ്സി എൽപി സ്കൂളിൽ ജാതി കടുത്ത അധിക്ഷേപമുണ്ടായി എന്നാണ് പരാതി. ഒരു ‘നാലാം ക്ലാസ് വിദ്യാർത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നു’മാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ പ്രധാനാധ്യാപിക ഗ്രേസിക്കുട്ടിക്ക് എതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. കുട്ടിയുടെ അമ്മ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും നൽകിയ പരാതിയുടെ പകർപ്പ് പുറത്ത് വന്നിട്ടുണ്ട്. പരാതിക്കാരിയുടെ രണ്ടു മക്കൾ എംഎസ്സി എൽപി സ്കൂളിലാണ് പഠിക്കുന്നത്. ഇവിടത്തെ പ്രധാനാധ്യാപികയായ ഗ്രേസിക്കുട്ടിക്കെതിരെയാണ് പരാതി നൽകിയത്.
ഒരു ദിവസം മുഴുവൻ മകനെ മൂത്രമൊഴിക്കാൻ പോലും വിടാതെ പിടിച്ചുവെച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് അധ്യാപികയ്ക്കെതിരെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ജൂൺ 18-ന് സ്കൂളിൽ നിന്ന് തിരികെ വന്ന കുട്ടിയുടെ കൈയിലെ പാടുകൾ ‘അമ്മ കണ്ടു. ഇത് എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോൾ കുട്ടി കരഞ്ഞു കൊണ്ട് ഇനി ക്ളാസിൽ പോകില്ല എന്നാണ് പറഞ്ഞത്.
ഗ്രേസി ടീച്ചർ തന്നെ അടിക്കുകയും കവിളിൽ കുത്തുകയും കൈയിൽ പിച്ചുകയും ചെയ്തു എന്നും കുട്ടി പറഞ്ഞത്. കൂടാതെ മകൻ കറുമ്പനാണെന്നും കറുത്ത് കരിങ്കുരങ്ങിനെ പ്പോലെയാണ് ഇരിക്കുന്നതെന്നും നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലന്നും ഈ പ്രധാനാധ്യാപിക പറഞ്ഞെന്നും അമ്മ പരാതിയിൽ പറയുന്നു.
പിറ്റേദിവസം രാവിലെ ഇവർ സ്കൂളിൽ ചെന്ന് ഗ്രേസികുട്ടി ടീച്ചറോട് എന്തിനാണ് തൻറെ മകനെ ഉപദ്രവിച്ചത് എന്ന് ചോദിച്ചപ്പോൾ, നീയൊക്കെ പുലയരല്ലേ താൻ ഇനിയും ഇതുപോലെ കാണിക്കുമെന്നും നീയൊക്കെ എവിടെവേണമെങ്കിലും പരാതി കൊടുത്തോളൂ തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും പറഞ്ഞു. ഇത് വളരെ ഉച്ചത്തിൽ എല്ലാവരും കേൾക്കാൻ വേണ്ടി വിളിച്ച് പറയുകയായിരുന്നു. കൂട്ടത്തിൽ തനിക്ക് കറുത്ത പിള്ളേരെ ഇഷ്ടമല്ലെന്നും അവർ പറഞ്ഞു. ചേട്ടൻ്റെ മകനെയും എന്റെ മകനെയും സ്ഥിരമായി ‘വേടൻ’ എന്നാണ് ഗ്രേസി ടീച്ചർ വിളിക്കുന്നത്’ എന്നും ഇവരുടെ പരാതിയിൽ പറയുന്നുണ്ട്.
മകന് സ്കൂളിൽ പോകാൻ മടിയാണ്. ആകെ പേടിച്ചിരിക്കുകയാണ്. മുൻപ് പലതവണ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചപ്പോൾ മറ്റ് അധ്യപകർ പറഞ്ഞതിനാൽ പരാതിയൊന്നും കൊടുത്തില്ല. നിരന്തരം മകനെയും ചേട്ടൻ്റെ മകനെയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനാലും ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനാലുമാണ് ഗ്രേസിയ്ക്കെതിരെ പരാതി നൽക്കുകയും കേസുമായി മുന്നോട്ട് പോകാൻ തിരുമാനിക്കുകയും ചെയ്തതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. പ്രധാനാധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ടീച്ചറുടെ ഈ അധിക്ഷേപം കേട്ട കുട്ടി അമ്മയോട് ചോദിച്ചത് ഈ പുലയൻ എന്നത് എന്താണ് എന്നാണ്. കുട്ടിക്ക് ജാതിയും മതവും ഒന്നും അറിയില്ല. അവനോട് അമ്മ പറഞ്ഞ് കൊടുത്തത് അയ്യങ്കാളി അപ്പൂപ്പനെ പോലുള്ള വലിയ വലിയ ആളുകളെ വിളിക്കുന്ന പേരാണ് പുലയർ എന്നാണ്. തീർച്ചയായും ‘അമ്മ പറഞ്ഞ് കൊടുത്ത ആ ഉത്തരം ഏറ്റവും കൃത്യമാണ്. ആ കുട്ടിക്ക് പുലയൻ എന്ന വിളിയിൽ അഭിമാനം തോന്നണം എന്നാണ് ആ ‘അമ്മ ഉദ്ദേശിച്ചത്.
ഈ കേസുമായി പോയപ്പോൾ പോലീസും ആ ടീച്ചറെ സഹായിക്കുന്ന നിലപാടാണ് എടുത്തത് എന്നും കുട്ടിയുടെ അമ്മ പറയുന്നുണ്ട്. പരാതി കൊടുത്തപ്പോൾ മനഃപൂർവ്വം വൈകിപ്പിച്ചു. പിന്നീട സി ഐ ഇവരോട് പറഞ്ഞത് ആ ടീച്ചർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. നിങ്ങൾ കേസ് പിൻവലിക്കണം, നിങ്ങളൊക്കെ മനുഷ്യരാണോ എന്നൊക്കെയാണ്. കേസുമായി ബന്ധപ്പെട്ട സ്റ്റേഷനിൽ പോകുമ്പോൾ രാവിലെ മുതൽ വൈകിട്ട് വരെ വെറുതെ അവിടെ ഇരുത്തും എന്നും പറയുന്നു. പുലയർക്ക് ഇതൊക്കെ മതി എന്നാണ് പോലീസും നിലപാട് എടുത്തതെന്ന് ‘അമ്മ പറയുന്നു. പിന്നീട് ശക്തമായി പ്രതിഷേധിച്ചപ്പോളാണ് ഡിവൈ എസപിയെ വിളിച്ച ശേഷം കേസ് എടുത്തത്.
നവോദ്ധാനം പൂത്തുലയുന്ന, പത്ത് വർഷമായി ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് സ്കൂളിലും പോലീസ് സ്റ്റേഷനിലും വരെ ഇത്തരം അധിക്ഷേപം നടത്തുന്നത്. ഇതൊക്കെ എങ്ങുമെത്താതെ ചെറിയ നടപടികൾ മാത്രമായി ഒതുങ്ങുകയും ചെയ്യും. അതൊക്കെയാണ് ഗ്രേസിക്കുട്ടി ടീച്ചര്മാര്ക്ക് ഇനിയും കരിവേടനെന്നും കരിങ്കുരങ്ങെന്നും ഒക്കെ കറുത്ത നിറമുള്ള കുട്ടികളെ വിളിക്കാൻ പ്രചോദനം നൽകുന്നതും.