ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കലക്ടർ; കൊലപാതകി കലക്ടറായി വേണ്ടെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ആലപ്പുഴ കളക്ടറും ഭാര്യയുമായ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. രേണു രാജിന് എറണാകുളം ജില്ലാ കളക്ടറായാണ് പുതിയ നിയമനം.
മാധ്യമപ്രവര്ത്തകന് കെ എം.ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നതിൽ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിൽ നിരവധി് പേരാണ് അണിനിരന്നത്. കലക്ടറേറ്റിലേക്കെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാർ പ്രതിഷേധക്കാർ തടഞ്ഞു. കലക്ടർക്ക് നേരെ കരിങ്കൊടിയും കാണിച്ചു.
ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എൽഡിഎഫിൽ നിന്നും ശ്രീറാമിന്റെ നിയമനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു.
കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ ശ്രദ്ധ നേടിയ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതോടെയാണ് കരിയറിൽ നിറം മങ്ങിയത്. വാഹന അപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതോടെ ശ്രീറാം സസ്പെൻഷനിലായി. ദീർഘനാളത്തെ സസ്പെൻഷന് ശേഷം സർവീസിൽ തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. സെക്രട്ടേറിയേറ്റിന് അകത്ത് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു വെങ്കിട്ടരാമന്റേത്.
ആലപ്പുഴയെ കുറിച്ച് കൃത്യമായി പഠിച്ചു വരികയാണ്. ഇടപെടേണ്ട മേഖലകളെ കുറിച്ച് പഠിച്ച ശേഷമേ കൈകാര്യംചെയ്യുകയുള്ളൂ. ഒന്നിലും എടുത്തുചാടി പോവുന്നില്ല. പ്രത്യേകിച്ച് മുൻവിധികളോ കാഴ്ചപ്പാടുകളോ ഇല്ല. ആദ്യമായിട്ടാണ് കളക്ടറാകുന്നത്, ചുമതലയേറ്റ ശേഷം ശ്രീറാം പറഞ്ഞു. പ്രതിഷേധങ്ങളേക്കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീറാമിനെ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തില്‍ ആലപ്പുഴ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്സ് പൂട്ടിയിരുന്നു. മറ്റു 13 ജില്ലകളിലെയും കളക്ടര്‍മാരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ കമന്റ് ബോക്സുകള്‍ ലഭ്യമാണ്.
ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് എംഡിയുമായിരുന്നു ഡോ. ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഡോ. രേണു രാജുവുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു നടന്നത്. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എറണാകുളം സ്വദേശിയാണ് ശ്രീറാം വെങ്കിട്ടരാമന്. എംബിബിഎസ്, എംഡി ബിരുദധാരിയാണ്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എംബിബിഎസ് നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്.
Content Highlights: Sriram Venkataraman Alappuzha collector congress Protest