ആലപ്പുഴയെ ധർമ്മസ്ഥലയാക്കിയ സൈക്കോ കില്ലർ; കൊലപാതകങ്ങൾക്കൊപ്പം കോടികളും സമ്പാദിച്ച സെബാസ്റ്റ്യൻ

കർണാടകത്തിലെ ധർമസ്ഥലയിൽ നൂറിലധികം പേരെ കൊന്ന് കുഴിച്ചിട്ടതായുള്ള വെളിപ്പെടുത്തൽ ഉണ്ടായതിന് ശേഷം പരിശോധനകൾ നടക്കുമ്പോൾ, സമാനമായ വാർത്തകളാണ് ഇപ്പോൾ ആലപ്പുഴയിൽ നിന്നും വരുന്നത്. 2006-നും 2025-നുമിടയിൽ ചേർത്തലയിൽ നിന്ന് കാണാതായ മധ്യവയസ്കരായ നാല് സ്ത്രീകളിൽ മൂന്നുപേരുടെ തിരോധാനം വിരൽചൂണ്ടുന്നത് സെബാസ്റ്റ്യൻ എന്ന 68വയസ്സുകാരനിലേക്കാണ്.
സിനിമാക്കഥകളെ വെല്ലുന്ന ദുരൂഹതകള്‍ നിറഞ്ഞ കേരളത്തിലെ ‘ധര്‍മ്മസ്ഥല’യായി മാറുകയാണ് സെബാസ്റ്റ്യന്റെ വീട്. ജെയ്നമ്മ തിരോധാന കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ ഒരു സൈക്കോ കില്ലറിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. വീട്ടുവളപ്പിൽനിന്നും പറമ്പിലെ കുളങ്ങളിൽനിന്നും അസ്ഥിഭാഗങ്ങളും തെളിവുകളും ലഭിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ സെബാസ്റ്റ്യൻ പറഞ്ഞ സ്ഥലങ്ങളിലും, കെഡാവർ നായകൾ നൽകുന്ന സൂചനകൾ നോക്കിയുമാണ് പരിശോധന നടക്കുന്നത്. ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സെബാസ്റ്റ്യൻ സമ്മതിച്ചിരിക്കുന്നത്, എന്നാലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന തെളിവുകൾ എന്നാണ് സൂചന.
ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകൾ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യൻ എന്നാണ് കരുതുന്നത്. കൂടുതൽ സ്ത്രീകൾ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും ഇപ്പോൾ പോലീസ് സംശയിക്കുന്നുണ്ട്.
2024 ഡിസംബറിൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനിൽ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന്‍ ബന്ധമുണ്ട് എന്നതിന്റെ പശ്ചാത്തലത്തിൽ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവിടെനിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷണസംഘം വീണ്ടും ചികഞ്ഞു തുടങ്ങിയത്.
2024 ഡിസംബർ 23 മുതൽ ജെയ്നമ്മയെ കാണാതായെന്നാണ് ഭർത്താവിൻറെ പരാതി. ഇതേ ദിവസം മുതൽ ഡിസംബർ 25 വരെ പള്ളിപ്പുറത്തെ വീടിന്റെ ടവർ പരിധിയിൽ സെബാസ്റ്റ്യൻ ഉണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. ഇതിനുശേഷം ഓഫായ ജൈനമ്മയുടെ ഫോൺ ജനുവരി അഞ്ചിനു ഓണാകുമ്പോഴും സെബാസ്റ്റ്യൻ അതേ ടവർ പരിധിയിൽ ഉണ്ടായിരുന്നു. 2025 ജൂലായ് 19-ന് ഉച്ചയ്ക്ക് ഈരാറ്റുപേട്ട ടൗണിലെ മൊബൈൽ ഷോപ്പിൽനിന്ന് ഇയാൾ ജെയ്നമ്മയുടെ നമ്പരിൽ 99 രൂപക്ക് റീച്ചാർജ് ചെയ്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
സെബാസ്റ്റ്യൻ സഹകരണബാങ്കിലും സ്വകാര്യ ബാങ്കിലും പണയം വെക്കുകയും പിന്നീട് എടുത്ത് വിൽക്കുകയും ചെയ്ത സ്വർണം അന്വേഷണംസംഘം കണ്ടെടുത്തു. ജെയ്നമ്മയെ കാണാതായ ദിവസം ഉച്ചയ്ക്കു ശേഷം ചേർത്തല നഗരത്തിലെ സഹകരണബാങ്കിന്റെ ശാഖയിൽ ഇരുപത്തഞ്ചാര ഗ്രാം സ്വർണം സെബാസ്റ്റ്യന്റെ സഹായി മനോജ് പണയം വെച്ചിരുന്നു. അടുത്ത ദിവസം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ രണ്ടു പവനോളം സ്വർണം പണയം വെച്ചു. ജെയ്നമ്മയെ കൊന്നശേഷം ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ.
പിന്നീട്, ഇവിടെ രണ്ടിടത്തു നിന്ന് സ്വർണമെടുത്താണ് ശ്രീവെങ്കിടേശ്വര ജൂവലറിയിൽ വിറ്റത്. ആകെ അഞ്ചു പവനാണ് വിറ്റത്. മൂന്നു സ്ഥാപനങ്ങളിലും സെബാസ്റ്റ്യനെ എത്തിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ തെളിവുകൾ ശേഖരിച്ചു.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽനിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ ജെയ്നമ്മയുടേതാണെന്നായിരുന്നു കോട്ടയം ക്രൈംബ്രാഞ്ചിന് ആദ്യമുണ്ടായിരുന്ന നിഗമനം. തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങളാണ് നിലവിൽ കണ്ടെത്തിയത്. ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയിൽ മരിച്ചത് ജെയ്നമ്മയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോൾ എത്തിനിൽക്കുന്നത്. എല്ലുകളുടെ പഴക്കവും തലയോട്ടിയോടൊപ്പം കിട്ടിയ കമ്പിയിട്ട പല്ലുമാണ് സംശയങ്ങൾക്കിടയാക്കിയത്. ജെയ്നമ്മയ്ക്ക് അത്തരത്തിൽ പല്ലുകളില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നു. എന്നാൽ കാണാതായ ഐഷയ്ക്ക് ഒരു വെപ്പുപല്ലുണ്ടെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കാണാതായ ബിന്ദുപത്മനാഭനും പല്ലിൽ ക്യാപ്പിട്ടിരുന്നതായ സൂചനയും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ജൈനമ്മയ്ക്കു പുറമേ ബിന്ദുപത്മനാഭനും ഐഷയും കൊലചെയ്യപ്പെട്ടിരിക്കാം എന്നാണ് നിഗമനം. ഇവരുമായി ബന്ധപ്പെട്ട ഡിഎൻഎ പരിശോധനയ്ക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ ഡിഎൻഎ ഫലം വരുമ്പോഴേ കാര്യങ്ങൾ അറിയാൻ കഴിയൂ. ഇതേ വീട്ടുവളപ്പിൽത്തന്നെ ഇനിയും ശരീര അവശിഷ്ടങ്ങളുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുന്നത്.
സ്ത്രീകളെ വശീകരിച്ച് സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുകയാണ് സെബാസ്റ്റ്യന്റെ രീതി എന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽനിന്ന് മനസ്സിലാക്കാനാവുന്നത്. മാന്യനായ ഒരു വ്യക്തിയായാണ് നാട്ടിൽ സെബാസ്റ്റ്യൻ അറിയപ്പെട്ടിരുന്നത്. സൗഹൃദക്കൂട്ടത്തിലും നാട്ടിലും ‘അമ്മാവൻ’ എന്നായിരുന്നു സെബാസ്റ്റ്യൻ അറിയപ്പെട്ടിരുന്നത്. വസ്തു വില്പനയും ഇടനിലക്കാരൻറെ ജോലിയും ഒക്കെ ആയിരുന്നു സെബാസ്റ്റ്യൻ തൊഴിലുകൾ. ഇതിന്റെ ഭാഗമായാണ് ഇയാൾ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നതെന്നാണ് സൂചന.
2006-ലാണ് 47 വയസ്സുള്ള ചേർത്തല സ്വദേശി ബിന്ദുവിനെ കാണാതായത്. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ താമസിച്ചു വരികയായിരുന്ന ബിന്ദു കോടികളുടെ സ്വത്തിന് ഉടമ ആയിരുന്നു. ബിന്ദു എംബിഎ ബിരുദധാരി കൂടിയാണ്. പത്ത് വർഷം കഴിഞ്ഞ്, 2017-ലാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതി ലഭിക്കാനുണ്ടായ കാലതാമസം പോലീസിന് അന്വേഷണത്തിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ബിന്ദുവിന്റെ സ്വത്ത് സെബാസ്റ്റ്യൻ മറിച്ചുവിറ്റതായി പിന്നീട് പോലീസ് കണ്ടെത്തി.
2012 മേയ് 13-നാണ് 54 വയസ്സുള്ള ആയിഷയെ കാണാതാകുന്നത്. സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇവർ ഇടനിലക്കാരനായ സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസിന് വിവരം കിട്ടി. ബാങ്കിൽ പോകുന്നെന്നു പറഞ്ഞാണ് ഐഷ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട്, ഇവരുടേതെന്നു സംശയിക്കുന്ന മൃതദേഹം മൂവാറ്റുപുഴയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കിട്ടിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ഉയർന്ന സംശയങ്ങൾ കാര്യമായി എടുത്തുമില്ല. കുടുംബവുമായി അകന്ന് ഐഷ ഒറ്റയ്ക്കായിരുന്നു താമസം.
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനിയായിരുന്നു ബിന്ദു പദ്മനാഭന്റെ തിരോധാന കേസിലും ഇയാൾക്ക് പങ്കുണ്ട്. കോടികളുടെ ആസ്തിയുണ്ടായിരുന്ന ബിന്ദുവിന്റെ സ്വത്തുക്കളെല്ലാം പലരുടെ കൈകളിലായി. ബിന്ദുവിനെ കാണാതായ ശേഷവും ഇവരുടെ ഭൂമികള്‍ പലർക്കും കൈമാറിയതിന് തെളിവായി രജിസ്ട്രേഷന് രേഖകളും ഉണ്ട്.
ഏറ്റുമാനൂര്‍ സ്വദേശിനി ജൈനമ്മയെ കാണാതായ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണമാണ് വീണ്ടും ബിന്ദു കേസിനെ ശ്രദ്ധേയമാക്കിയത്. ബിന്ദുവിന്റെ അച്ഛന് പത്മനാഭന് എക്സൈസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. സഹോദരന് പ്രവീണ്‍ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. ബംഗളൂരുവിലും ചെന്നെയിലും മാറി താമസിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2005 ല്‍ ബിന്ദുവിനെ കാണാതാകുന്നത്. വിവരാവകാശ നിയമ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സഹോദരിയുടെ ഭൂമി പലപ്പോഴായി സെബാസ്റ്റ്യന്‍ വിറ്റതായി പ്രവീണ്‍ മനസ്സിലാക്കിയത്.