ആലുവയിൽ കേരള പൊലീസിന് വീഴ്ച പറ്റിയോ ? ആരാണ് യഥാർത്ഥത്തിൽ കുറ്റവാളി ?
ആലുവയിൽ അഞ്ച് വയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനു വീഴ്ച സംഭവിച്ചെന്ന ആരോപണമാണ് എങ്ങും ശക്തമാവുന്നത്.. യഥാർത്ഥത്തിൽ ആ പിഞ്ചോമനയുടെ ജീവൻ നഷ്ടമാവാൻ കാരണക്കാർ ആരാണ് ? പൊലീസിന് വീഴ്ച പറ്റിയോ ?
കേരള പോലീസിന്റെ കഴിവില്ലായ്മയാണോ ആ കുരുന്നിനെ നമുക്ക് നഷ്ടമാവാൻ കാരണം ? കൊടും ക്രൂരതയ്ക്ക് ഇരയായ ആ അഞ്ച് വയസുകാരിയുടെ മരണത്തിൽ പൊലീസിനെ വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ എം. പദ്മകുമാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മാപ്പ് മകളേ…നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണന്നും എം. പദ്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആര് ഭരിച്ചാലും എന്തെല്ലാം പോരായ്മകളവർക്ക് ചാർത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസെന്നുമാണ് അദ്ദേഹം പറയുന്നത് …
കുട്ടിയുടെ കുടുംബം താമസിക്കുന്ന വീടിന്റെ ഉടമ കുട്ടിയെ കാണാതായ വെള്ളിയാഴ്ച വൈകീട്ട് 5.15-ന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു…. 5.34-ന് കുട്ടിയുടെ ചിത്രങ്ങൾ വാട്സാപ്പിലൂടെ ആലുവ എസ്.ഐ.ക്ക് നൽകുകയും ചെയ്തു… എന്നാൽ, അന്വേഷണം ഏഴു മണിക്കാണ് ഔദ്യോഗികമായി ആരംഭിച്ചതെന്നാണ് പൊലീസിനെതിരെയുള്ള ആരോപണം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കൃത്യമായി അറിയിച്ചിട്ടും ഗൗരവമായി എടുത്തില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ആരോപിക്കുന്നു. മറുനാടൻ തൊഴിലാളിയുടെ കുട്ടിയല്ലേ പതുക്കെ അന്വേഷിച്ചാൽ മതിയെന്ന നിലപാടാണ് ഈ വിഷയത്തിൽ പോലീസ് സ്വീകരിച്ചതെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആരോപണം. അതേസമയം കുട്ടിയുടെ ഒറ്റയ്ക്കുള്ള ചിത്രമല്ല ആദ്യം പോലീസിനു ലഭിച്ചത്. പിന്നീട് ഒറ്റയ്ക്കുള്ള പുതിയ ഫോട്ടോയുണ്ടെങ്കിൽ നൽകാൻ ആവശ്യപ്പെട്ടു. പത്ത് മിനിറ്റിനകം പുതിയ ചിത്രം പോലീസിന് വാട്സാപ്പിൽ നൽകി. പരാതിയുടെ ഗൗരവം പോലീസ് മനസ്സിലാക്കിയത് ഏഴുമണിക്ക് ശേഷമാണെന്നാണ് ആരോപണം. ഊർജിതമായ അന്വേഷണമാണ് പിന്നീട് നടത്തിയത്. 9.40-ഓടെ തോട്ടയ്ക്കാട്ടുകരയിലെ ഷോപ്പിങ് സെന്ററിന് സമീപത്തുനിന്ന് പ്രതി അസ്ഫാക് ആലത്തെ പൊലീസ് പിടികൂടുകയും ചെയ്തു…
എന്നാൽ സംവിധായകൻ എം. പദ്മകുമാർ അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ് മൂന്നു മണിക്ക് കാണാതായ കുട്ടി നാലരക്ക് മുമ്പേ കൊല്ലപ്പെടുന്നു… രാത്രി ഏഴ് മണിക്ക് പൊലീസിന് മിസ്സിംഗ് കേസിൽ പരാതി ലഭിക്കുന്നു. അന്യസംസ്ഥാനക്കാരനായിട്ടും രണ്ട് മണിക്കൂറിനകം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്ന പ്രതിയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് പാടുപെടുന്നു. നമ്മൾ മൂടി പുതച്ച് കൂർക്കം വലിചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു ആ പൊലീസുകാർ: നിരന്തരമായ ചോദ്യം ചെയ്യലിൽ നിന്നും കുട്ടിയെ ഉപേക്ഷിച്ച ലൊക്കേഷൻ പുലർച്ചയോടെ പൊലീസ് ഐഡന്റിഫൈ ചെയ്യുന്നു.. അടുത്ത പ്രഭാതത്തിൽ തന്നെ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ അവിടത്തെ തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തുന്നു. ഇത്രയും പണി പോലീസ് എടുത്തതാണ്.വീട്ടിലും ഓഫീസിലും കോഴിക്കാലും കടിച്ചുവലിച്ചിരുന്ന് മൊബൈലിൽ പൊലീസിനെ പള്ള് പറഞ്ഞ് ലൈക്കും ഷെയറും കാത്തിരിക്കുന്ന മാപ്രകളും കേരള പൊലീസ് വിരോധികൾക്കും ആ കുട്ടിയെ കാണാതാകുന്നതിനും ഒരു രണ്ട് മണിക്കൂർ മുമ്പെങ്കിലും ആലുവ മാർക്കറ്റിന് പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് കാത്തിരിക്കാമായിരുന്നില്ലേ..? അവിടെ ഇരുന്നാലും വ്യാജ വാർത്തകൾ അടിച്ച് വിടുന്നതിനോ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളുന്നതിനോ തടസ്സമൊന്നും ഉണ്ടാവുകയുമില്ലായിരുന്നില്ലല്ലോ? എങ്കിൽ പ്രതി കുട്ടിയെ അങ്ങോട്ട് കൊണ്ടുവരുമ്പോൾ രക്ഷപ്പെടുത്തുകയും ചെയ്യാമായിരുന്നില്ലേ ? പൊലീസ് എന്നത് എന്റെയും നിങ്ങളുടെയുമെല്ലാം വീട്ടിൽ നിന്ന് ആ യൂനിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യർ തന്നെയാണ്. അവരും അച്ചനും അമ്മയും മക്കളും പേരകുട്ടികളുമെല്ലാം ഉള്ള നമ്മുടെ കൂട്ടത്തിലുള്ളവരാണ്. നമ്മളെപ്പോലെയല്ല അവരുടെ ജോലി. ദിവസവും വെത്യസ്ഥ സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്കിൽ അറിഞ്ഞും അറിയാതെയും വീഴ്ചകൾ സംഭവിക്കാം.. അതിനെ വിമർശിക്കുകയും ആവാം. പക്ഷേ മനുഷ്യത്വ രഹിതമായി അകാരണമായി എല്ലാറ്റിന്റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവർക്ക് ചാർത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്. ഇന്നലെ മാപ്പ് മകളേ… നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണ്. അല്ലാതെ നമ്മളല്ല…എന്നും അദ്ദേഹം പറയുന്നു … ആരുടെ ഭാഗത്താണ് ശരി ? എന്തു തന്നെയായാലും നഷ്ടമായത് ഒരു ജീവനാണ് … ഇനി ഒരു പെൺകുഞ്ഞിനും ഈ ഗതി വരല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം…