കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് കടലിൽ നിന്നും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി; തൊഴിലാളികള്‍ സുരക്ഷിതരായി തിരിച്ചെത്തി
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ബോട്ടിലെ തൊഴിലാളികള്‍ സുരക്ഷിതമായി തിരിച്ചെത്തി. മൂന്ന് ദിവസം മുൻപ് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ, പള്ളത്താര്കുളക്കരികില് ജയന്റെ ബോട്ടാണ് കാണാതായത്. തൊഴിലാളികള്‍ തിരികെ വന്നപ്പോഴാണ് ബോട്ട് തട്ടിക്കൊണ്ടുപോയതാണെന്ന വിവരം പുറത്തറിയുന്നത്.
തമിഴ്നാട്ടില്‍ നിന്നെത്തിയ 50 അംഗസംഘം ആളുകള്‍ ആയുധങ്ങളുമായി ബോട്ടില്‍ കയറുകയും പിന്നീട് തട്ടിക്കൊണ്ടു പോവുകയുമായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. അക്രമികളുടെ കൈവശം നിറയെ ആയുധങ്ങള്‍ ഉണ്ടായിരുന്നതായും തൊഴിലാളികള്‍ അറിയിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അക്രമികള്‍ ബോട്ട് തടഞ്ഞുവച്ചത്. തുടര്‍ന്ന് തേങ്ങാപട്ടണം ഭാഗത്തേക്ക് ബോട്ട് കടത്തുകയും ചെയ്തു. ഒരു ദിവസം തൊഴിലാളികളെ അവിടെ താമസിപ്പിച്ച ശേഷം അവരെ സുരക്ഷിതമായി തിരികെ അയക്കുകയും ചെയ്തു. എന്നാല്‍ ബോട്ട് അക്രമികള്‍ പിടിച്ചുവെച്ചിരിക്കുകയാണ്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു തട്ടിക്കൊണ്ടുപോകലെന്ന് ബോട്ടിലെ തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ബോട്ട് ഉടമസ്ഥന് അത് നിഷേധിക്കുകയാണ്. ബോട്ട് തട്ടിക്കൊണ്ടു പോയ അജ്ഞാതര്‍ ആരാണെന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight – An unidentified group hijacked a fishing boat in Kochi