കമ്പം ടൗണിനെ ഭീതിയിലാക്കി അരിക്കൊമ്പൻ
ഇടുക്കി: ഇന്ന് പുലർച്ചെ കമ്പം ടൗണിൽ എത്തി ജനങ്ങളെ ഭീതിയിലാക്കിയ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡൻ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. തത്കാലം മയക്കുവെടി വച്ച് ഉള്‍വനത്തിലേയ്ക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിന് ആവശ്യമായ കുങ്കിയാനകളേയും വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ജനങ്ങൾ സുരക്ഷിതരായി വീട്ടിൽ തന്നെ കഴിയണമെന്ന് കമ്പം എംഎൽഎ , എൻ .ഇ. രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശിച്ചു. തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍ നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടു കഴിഞ്ഞു. കമ്പത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്നാട് വനംവകുപ്പ് നടത്തുന്നത്. ലോവര്‍ ക്യാമ്പില്‍ നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന് കമ്പം ടൗണിലെത്തിയത്. ടൗണിൽ എത്തിയ അരിക്കൊമ്പൻ അഞ്ച് വാഹനങ്ങളാണ് തകർത്തത്. ആനയെക്കണ്ട് ഭയന്നോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. ആന വരുന്നതു കണ്ട് വാഹനത്തിൽനിന്ന് ഓടിയ ആൾക്കാണ് വീണു പരിക്കേറ്റത്. ആനയെ തുരത്താനുള്ള ശ്രമത്തിനിടെ പലർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്ന അരിക്കൊമ്പൻ ഇന്ന് കാർഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ദേശീയപാത മുറിച്ചു കടന്നാണ് അരിക്കൊമ്പൻ കാർഷിക മേഖലയിലെത്തിയത്. നിലവിൽ നേരത്തേ വിഹരിച്ചിരുന്ന ചിന്നക്കനാൽ ഭാഗത്തേക്കായാണ് അരിക്കൊമ്പൻ നീങ്ങുന്നത്. കമ്പത്തു നിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റർ ദൂരമാണുള്ളത്.
ഇനി ഒരു ദേശീയപാത കൂടി മുറിച്ചു കടന്നാൽ ചിന്നക്കനാലിന് വളരെ അടുത്തെത്തും.