മന്ത്രി സെന്തിൽ ബാലാജിയെ ആദ്യം പുറത്താക്കി,പിന്നെ തിരിച്ചെടുത്തു.. തമിഴ്നാട്ടിൽ ഗവർണറുടെ കളി ഇങ്ങനെ..
ബി ജെ പി ഭരിക്കാത്ത എല്ലാ സംസ്ഥനങ്ങളിലും അവിടെ ചുമതലയുള്ള ഗവർണർമാരുടെ പ്രധാന ജോലി സർക്കാരുമായി എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ സൃഷിട്ടിക്കുക എന്നതാണ്. എന്നാൽ ഈ അടവ് തമിഴ്നാട്ടിൽ പയറ്റി നോക്കി എങ്കിലും അത്ര അങ്ങോട്ട് വിജയിക്കുന്നില്ല എന്ന് വേണം പറയാൻ. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം നേരിടുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതായി രാത്രി ഏഴു മണിക്ക് രാജ്ഭവൻ ഒരു വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ബാലാജിയെ പുറത്താക്കിയതിനെ സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന ഘടകത്തിനും എഐഎഡിഎംകെയും ഗവർണറുടെ തീരുമാനത്തെ കയ്യടിച്ചു പാസ്സാക്കി. പക്ഷെ പിന്നീട് കളമാകെ മാറി.മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ശുപാർശയില്ലാതെയാണ് സെന്തിൽ ബാലാജി ഗവർണർ പുറത്താക്കിയത്. ഒരു സംസ്ഥനത്തിന്റെ മുഖ്യമന്ത്രി അറിയാതെ ഗവർണർ നേരിട്ട് മന്ത്രിയെ പുറത്താക്കുന്നത് രാജ്യത്ത് തന്നെ ഇത് ആദ്യമാണ്. മന്ത്രിമാരെ നേരിട്ട് നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് ഭരണഘടന പ്രകാരം അധികാരമില്ലാതിരിക്കെ അദ്ദേഹത്തിന്റെ നടപടിയിൽ ഡിഎംകെ വ്യാപക പ്രതിഷേധമുയർന്നു. ഗവർണറുടെ നിയമവിരുദ്ധ നടപടി നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വ്യക്തമാക്കി. ഇതോടെ സംഭവം കയ്യിൽ നിൽക്കില്ല എന്ന് മനസിലാക്കിയ ഗവർണ്ണർ. 4 മണിക്കൂറിനു ശേഷം തന്റെ തീരുമാനം മരവിപ്പിച്ചതായി മുഖ്യമന്ത്രി സ്റ്റാലിനെ അറിയിച്ചു. ഗവർണർ സ്റ്റാലിന് അയച്ച കത്തിൽ പറയുന്നത് ആറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നും ആണ് . അതായത് കോടതിയിൽ ഈ പ്രശനം പോയാൽ ഭരണഘടനപ്രകാരം പ്രവർത്തിക്കേണ്ട ഗവർണർക്ക് ചിലപ്പോൾ സ്ഥാനം വരെ നഷ്ടമാകും എന്ന് പേടി ഉണ്ടായി. ഇതോടെ ആണ് ഗവർണർ ആർ എൻ രവി ഉത്തരവും പിൻവലിച്ചു ഓടി രക്ഷപെട്ടത്. ഏഴുവർഷംമുമ്പ് ജയലളിതയുടെ എഐഎഡിഎംകെ സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്ന കേസിൽ ഈ മാസം 14ന് ഇഡി അറസ്റ്റ് ചെയ്ത ബാലാജി നിലവിൽ ആശുപത്രിവാസത്തിലാണെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബാലാജി മന്ത്രിയായി തുടർന്നാൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാലാണ് പുറത്താക്കിയതെന്നുമായിരുന്നു രാജ്ഭവന്റെ വിശദീകരണം. ഇതിന്റെ നിയമ, ഭരണഘടനാ സാധുത ചോദ്യംചെയ്യപ്പെട്ടതോടെയാണ് നിയമോപദേശം തേടാൻ ഗവർണർ തീരുമാനിച്ചത്.അറസ്റ്റിനു പിന്നാലെ ബാലാജി കൈകാര്യം ചെയ്ത വൈദ്യുതി, എക്സൈസ് അടക്കമുള്ള വകുപ്പുകൾ മറ്റ് രണ്ട് മുതിർന്ന മന്ത്രിമാർക്ക് കൈമാറിയിരുന്നു. ഇതിന് ഗവർണർ അംഗീകാരം നൽകി. ബാലാജിയെ വകുപ്പില്ലാമന്ത്രിയായി നിലനിർത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിനോട് ഗവർണർ വിയോജിപ്പ് അറിയിച്ചു. എന്നാൽ, വകുപ്പില്ലെങ്കിലും ബാലാജി മന്ത്രിയായി തുടരുമെന്ന് മുഖ്യമന്ത്രി നിലപാട് എടുക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഗവർണറുടെ അസാധാരണ നടപടിയുണ്ടായത്. മന്ത്രിസഭയിൽ ബാലാജി തുടരുന്നത് ചോദ്യംചെയ്ത ഹർജികൾ ജൂലൈ ഏഴിന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.തമിഴ്നാട് സെക്രട്ടറിയറ്റിൽ കടന്നുകയറിയുള്ള റെയ്ഡിനും 18 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുമൊടുവിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അർധരാത്രി നാടകീയമായി അറസ്റ്റ് ചെയ്തത് വൻ വിവാദമായിരുന്നു. പടിഞ്ഞാറൻ തമിഴ്നാട്ടിലെ കൊങ്കുദേശ മേഖലയിൽ സ്വാധീനമുള്ള നേതാവായ ബാലാജി 2018ൽ ഡിഎംകെയിൽ എത്തിയശേഷമാണ് അദ്ദേഹത്തിനെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കമുണ്ടായത്.സാധാരണഗതിയിൽ മന്ത്രിസഭായോഗംചേർന്നാണ് മന്ത്രിമാരെ നീക്കംചെയ്യാനുള്ള തീരുമാനമെടുക്കുക. ശുപാർശ മുഖ്യമന്ത്രി ഗവർണർക്ക് സമർപ്പിച്ച് അദ്ദേഹം ഒപ്പിട്ടതിനുശേഷമേ അംഗീകാരം നൽകുകയുള്ളൂ. എന്നാൽ, സെന്തിൽ ബാലാജിയുടെ കാര്യത്തിൽ ഇത്തരം നടപടിക്രമങ്ങളുണ്ടായിട്ടില്ല. ഇ.ഡി. കഴിഞ്ഞ 14-നാണ് ബാലാജിയെ അറസ്റ്റുചെയ്തത്. 21-ന് ഹൃദയശസ്ത്രക്രിയയെത്തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ വിശ്രമിക്കുന്ന മന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലായ് 12 വരെ നീട്ടി സെഷൻസ് കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നുകാണിച്ച് ഭാര്യ മേഖല നൽകിയ ഹർജിയിലുള്ള വാദം ജസ്റ്റിസ് നിഷാ ബാനുവും ജസ്റ്റിസ് ഭരതചക്രവർത്തിയുമടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ചൊവ്വാഴ്ച പൂർത്തിയാക്കി വിധിപറയാനായി മാറ്റിയിരിക്കുകയാണ്.