തൃക്കാക്കരയില്‍ അഞ്ചക്കം തികയ്ക്കാന്‍ ബുദ്ധിമുട്ടി ബിജെപി; വോട്ടു വിഹിതത്തില്‍ സാരമായ കുറവ്
തൃക്കാക്കരയില്‍ വോട്ട് വിഹിതം കുറഞ്ഞ് ബിജെപി. 2021ലെ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 2526 വോട്ടുകളാണ് മണ്ഡലത്തില്‍ ബിജെപിക്ക് കുറഞ്ഞത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ചിത്രത്തില്‍ പോലും എത്താതിരുന്ന ദേശീയ പാര്‍ട്ടി അഞ്ചക്കം തികയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയ്ക്കും തൃക്കാക്കര സാക്ഷ്യം വഹിച്ചു. വോട്ടെണ്ണല്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോഴാണ് ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് ലഭിച്ച വോട്ടുകള്‍ 10,000 കടന്നത്.
ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്കുന്ന കണക്ക് അനുസരിച്ച് 12,957 വോട്ടുകളാണ് രാധാകൃഷ്ണന് നേടിയത്. വോട്ടിംഗ് മെഷീനില്‍ 12,995 വോട്ടുകളും രണ്ട് തപാല്‍ വോട്ടുകളും അദ്ദേഹത്തിന് ലഭിച്ചു. 9.57 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. മണ്ഡലം രൂപീകൃതമായ 2011ല്‍ 5935 വോട്ടുകള്‍ നേടിയ ബിജെപി 2016ല്‍ ഇത് 21,247 വോട്ടുകളായി വര്‍ദ്ധിപ്പിച്ചു. 2021ല്‍ ഇത് 15,483 വോട്ടുകളായി ചുരുങ്ങി. ഒരു വര്‍ഷത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 2526 വോട്ടുകള്‍ കുറഞ്ഞ് 12,957 വോട്ടുകളായി മണ്ഡലത്തിലെ ബിജെപി വോട്ടുവിഹിതം കുറഞ്ഞു.
താര പ്രചാരകനായ സുരേഷ് ഗോപിയെയും വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെയും അണിനിരത്തി മണ്ഡലത്തില്‍ നടത്തിയ പ്രചാരണം ഫലിച്ചില്ലെന്ന് മാത്രമല്ല പി സി ജോര്‍ജിനെ ഏറ്റെടുത്തത് തിരിച്ചടിക്കുകയും ചെയ്തു. പരാജയം മണത്തറിഞ്ഞതിനാലാകണം മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് പറഞ്ഞത്. ഇതൊക്കെ ശീലമാണ്, ഞങ്ങള്‍ക്ക് തോല്‍വി പ്രശ്നമുള്ള കാര്യമല്ലല്ലോ എന്ന് വോട്ടെണ്ണലിന് ശേഷവും രാധാകൃഷ്ണന് പ്രതികരിച്ചിരുന്നു.
ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കാനായിരുന്നു പി സി ജോര്‍ജിനെ പ്രചാരണത്തിന് ഇറക്കിക്കൊണ്ട് ബിജെപി ശ്രമിച്ചത്. എന്നാല്‍ വിദ്വേഷ പ്രസംഗം നടത്തി പിടിയിലായ പി സി ജോര്‍ജിനെ തള്ളിയ വോട്ടര്‍മാര്‍ ബിജെപിയെയും തള്ളുകയായിരുന്നു. മണ്ഡലത്തിലെ വോട്ടുവിഹിതം ഉയര്‍ത്തുക മാത്രമായിരുന്നു തെരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമിട്ടിരുന്നത്. ട്വന്റി-ട്വന്റി 2021ല്‍ നേടിയ 13,000ഓളം വോട്ടുകള്‍ ഇത്തവണ ലഭിര്രുമെന്നും ബിജെപി പ്രതീക്ഷിച്ചിരുന്നു.
Content Highlight: BJP, Thrikkakkara,