പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി സ്വദേശി; വീട്ടില്‍ പരിശോധന
ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. കുട്ടി കൊച്ചി, പള്ളുരുത്തി സ്വദേശിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. കുട്ടിയെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴയില്‍ നിന്നുള്ള അന്വേഷണ സംഘം വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിയും മാതാപിതാക്കളും സ്ഥലത്തില്ലാത്തതിനാല്‍ പരിശോധനയ്ക്കെത്തിയ പോലീസ് സംഘം മടങ്ങി.
മുദ്രാവാക്യം വിളിച്ച കേസില്‍ രണ്ടു പേര് റിമാന്‍ഡിലാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ അവകാശങ്ങളെല്ലാം സംരക്ഷിച്ചു കൊണ്ടായിരിക്കും കണ്ടെത്താനുള്ള ശ്രമങ്ങളെന്ന് പോലീസ് വിശദീകരിക്കുന്നു. വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് റിമാന്‍ഡിലായതോടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നടപടിയുണ്ടാകുന്നില്ലെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇതൊരു രാഷ്ട്രീയ വിഷയമായി മാറ്റാനും ബിജെപി ശ്രമിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്ജ്ജിതമാക്കുകയാണെന്നാണ് സൂചനകള്‍.
Content Highlight: boy shouted hate slogan in pfi rally identified