കേരളാ പൊലീസിലെ ഒരു റിട്ടയേർഡ് ഡിജിപി ഇത്രക്ക് തരം താഴുമോ?? അതിജീവിതയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ
എല്ലാക്കാലത്തും സ്ത്രീപീഡന കേസുകളിൽ പ്രതികൾക്കൊപ്പം നിന്ന ചരിത്രമാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന് ഉള്ളത്. റിട്ടയേർഡ് ഡിജിപിയും ഐപിഎസ് കാരിയുമായ ആർ ശ്രീലേഖ ഇപ്പോൾ പങ്ക് വെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് മൊത്തത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ്.
ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല? ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി? പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയിൽ സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? ഇതാണ് റിട്ടയേർഡ് ഡിജിപി ചോദിക്കുന്നത്.
മുമ്പും സമാനമായ കേസുകളിൽ ശ്രീലേഖ സ്ത്രീ വിരുദ്ധ പ്രതികരണം നടത്തിയിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ. ശ്രീലേഖ. രാഹുലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമ്പോഴാണ് ശ്രീലേഖയുടെ ഈ സ്ത്രീ വിരുദ്ധ പരാമർശം ശ്രദ്ധ നേടുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പിടിച്ച് കെട്ടി നിര്ബന്ധമായി വന്ധ്യംകരിക്കണമെന്ന് പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറയുമ്പോൾ ശ്രീലേഖ ഒളിവിൽ പോയ രാഹുലിനെ ചേർത്ത് നിർത്തുകയാണ്.
ഇവർ ഈ പോസ്റ്റിൽ പറയുന്നത് പോലെ പീഡിപ്പിക്കപ്പെട്ട വ്യക്തി ഇത്ര ദിവസത്തിനുള്ളിൽ പരാതി കൊടുക്കണം എന്ന നിയമം വല്ലതുമുണ്ടോ? എത്രയോ വർഷങ്ങൾ കാക്കി യൂണിഫോം ധരിച്ച്, നക്ഷത്രങ്ങൾ നെഞ്ചിൽ കുത്തി നടന്നിട്ടും സാമാന്യവിവരം എന്നത് ഇവർക്ക് ലവലേശം പോലുമില്ല. ബിജെപിയിൽ ചേരുന്നതിന് ശേഷമാണ് നിങ്ങളുടെ ചിന്താഗതികൾ മാറിയത് എന്ന് വിശ്വസിക്കാൻ പ്രയാസമാണ് മാഡം. നിങ്ങൾ ഡിജിപി ആയിരുന്നപ്പോഴും ഇതേ നിലവാരത്തിൽ തന്നെയാകും ചിന്തിച്ചതും പ്രവർത്തിച്ചതും. എത്രയോ നിരപരാധികൾ അതിന്റെ പേരിൽ ക്രൂശിക്കപ്പെട്ടു കാണും, എത്രയോ അപരാധികൾ അതിന്റെ മറവിൽ രക്ഷപ്പെട്ട് പോയിട്ടുണ്ടാകും.
നടൻ ദിലീപ് ജയിലിലെ തറയിൽ കിടന്ന് ഉറങ്ങുന്നത് കണ്ടിട്ട് ചങ്ക് പൊട്ടിപ്പോയ മാഡത്തിന്, ഒരു സ്ത്രീ നിർബന്ധിത അബോര്ഷന് വിധേയയായി കരഞ്ഞ് പറയുന്ന വാക്കുകൾ കേട്ടിട്ട് ഒരു അലിവും തോന്നുന്നില്ല എന്നത് അത്ഭുതകരമായ ഒരു കാര്യമാണ്.
ബിജെപിയുടെ മുൻ അധ്യക്ഷൻ കെ സുരേന്ദ്രനും ബിജെപി നേതൃത്വവും പറയുന്നത് പരാതി കിട്ടിയത് കൊണ്ട് രാഹുൽ ഉടനെ രാജിവെക്കണം എന്നാണ്. ബിജെപി ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ, പാലക്കാട് എം എൽ എ ഓഫീസിലേക്ക് ഇന്നലെ രാത്രി മാർച്ചു നടത്തിയിരുന്നു. രാഹുലിന്റെ ഓഫീസ് അവർ താഴിട്ട് പൂട്ടുകയും ചെയ്തിരുന്നു.
അവർക്കൊന്നുമില്ലാത്ത ഒരു പ്രത്യേകമായ വ്യത്യസ്തമായ നിലപാടാണ് നിങ്ങൾക്കുള്ളത്. അതായത് എപ്പോളും ഇരകൾക്ക് എതിരെയും, പീഡകർക്ക്ക് ഒപ്പവും നിൽക്കുക എന്ന നികൃഷ്ടമായ നിലപാട്.
ശബരിമലയിലെ കേസുമായി ഇതിനെ ചേർത്ത് വെക്കുന്നത് എന്തിനെന്നും മനസ്സിലാകുന്നില്ല. അവിടുത്തെ സ്വർണ്ണകേസ് അന്വേഷിക്കുന്നത് ഹൈക്കോടതിയുടെ കീഴിലുള്ള ഒരു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ്. സ്വർണ്ണകേസിൽ ഓരോ വൻ പുള്ളികൾ അകത്താകുന്നുണ്ട്. ചോദ്യം ചെയ്യൽ പലരിലേക്കും നീളുന്നുമുണ്ട്. അതൊന്നും നിങ്ങൾക്ക് ഒരു വിഷയമേയല്ല.
ദുരിതങ്ങളെല്ലാം അനുഭവിച്ച അതിജീവിത നേരിട്ട് ചെന്ന് പരാതി കൊടുത്ത ഒരു കേസിൽ എങ്ങനെയാണ് സ്വർണ്ണകൊള്ള കേസ് കടന്നു വരുന്നത്?
ഇത്രയും നാൾ പരാതിക്കാരി എവിടെ എന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്. ഇപ്പോൾ അതെ പരാതിക്കാരി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവർക്കും പരാതി നൽകി കഴിഞ്ഞു. രാഹുലിനെ ഇക്കാലമത്രയും താങ്ങി നിർത്തിയത് ഷാഫി പറമ്പിൽ നയിക്കുന്ന കോൺഗ്രസ്സിലെ ഒരു വിഭാഗവും, ഷാഫിയെ ആരാധിക്കുന്ന മുസ്ലിം ലീഗുമായിരുന്നു.
ഒരു രാഷ്ട്രീയ ആരോപണമായി കെട്ടടങ്ങി പ്പോകാൻ കുറെയൊക്കെ സാദ്ധ്യത ഉണ്ടായിരുന്ന ഒന്നാണ് രാഹുലിന്റെ കേസ്. എന്നാൽ കാര്യങ്ങൾ വഷളാക്കിയത് ഇരയെപോലും കടന്നാക്രമിക്കാൻ ശ്രമിച്ച സൈബർ തെമ്മാടികളാണ്. ആ തെറിയഭിഷേകവും, ലൈംഗികചുവയുള്ള കളിയാക്കലുകളും, ഭീഷണികളും ഒക്കെയാണ് കാര്യങ്ങൾ ഈ നിലയിലേക്ക് എത്തിച്ചത്.
മലയാള സിനിമയിലേയും, സമൂഹമാധ്യമങ്ങളിലെയും മുൻനിര താരമായ സീമ ജി നായർ സോഷ്യൽ മീഡിയയിൽ ഒരാളോട് പ്രതികരിച്ചത്, രാഹുൽ നിങ്ങളുടെ വീട്ടിലെ ആരെയെങ്കിലും പീഡിപ്പിച്ചോ എന്നാണ്. ആ ചോദ്യം ഏറ്റെടുക്കാനും ഇവിടെ ആളുകളുണ്ടായിരുന്നു. പിന്നീട് രാഹുലിന് എതിരെ പ്രതികരിക്കുന്ന എല്ലാവരോടും ഈ സൈബർ പട ഇതേ ചോദ്യമായിരുന്നു ചോദിച്ചത്.
ഇപ്പോൾ പരാതിയും വന്നു, അന്വേഷണവും നടക്കുന്നു. അപ്പോളും പോലീസിന്റെ തലപ്പത്ത് ഇരുന്നവർ പോലും ഇരയെ വീണ്ടും പരിഹസിക്കുകയാണ്. ശ്രീലേഖ മാഡം മനസ്സിലാക്കേണ്ട ഒരു കാര്യം മാഡത്തെ പോലെയല്ല കേരളത്തിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും എന്നതാണ്. കുറച്ച് താമസിച്ചാലും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ശക്തമായ നടപടികൾ ഉണ്ടാകും. അതാണിപ്പോൾ നടക്കുന്നതും.
എന്തായാലും നിങ്ങളെ പോലുള്ള ഒരാളെ മേയർ സ്ഥാനാർഥി ആക്കിയ ബിജെപിയുടെ ഗതികേടിനെ ഓർത്ത് സഹതാപം തോന്നുന്നുണ്ട്. ഇങ്ങനെ സ്ത്രീവിരുദ്ധ നിലപാടുള്ള ഒരു ജനപ്രതിനിധിയെയോ അല്ലെങ്കിൽ മേയറിനെയോ അല്ല ഈ നാടിന് വേണ്ടത്. അക്കാര്യത്തിൽ തിരുവനന്തപുരത്തെ ജനങ്ങളും ഇപ്പോൾ ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ടാകും.












