‘കാസ’ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു; ബിജെപി സഖ്യകക്ഷിയാവും

ക്രിസ്ത്യന്‍ സംഘടനയായ കാസ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന് കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന് പീറ്റര്‍ പറഞ്ഞു. കേരളത്തില്‍ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് കാസയുടെ അവകാശവാദം.
‘വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ഞങ്ങളുടെ ശ്രമം. അത്തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വീകാര്യത ലഭിക്കുമോ എന്ന് അറിയാനായി ഞങ്ങള്‍ പഠനങ്ങള്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്’- കെവിന് പീറ്റര്‍ പറഞ്ഞു. കെവിന് അടക്കം ആറുപേര്‍ ചേര്‍ന്ന് 2018ലാണ് കാസയ്ക്ക് രൂപം നല്‍കിയത്. 2019ല്‍ ഇത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു.
ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന ആരോപണം നേരിടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, ലവ് ജിഹാദ്, മുത്തലാഖ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ലവ് ജിഹാദിന്റെ ഇരയാണ് താന്‍ എന്നും കെവിന് പീറ്റര്‍ പറയുന്നു. തന്റെ ഒരേയൊരു മകള്‍ മുസ്ലീം യുവാവിനെ കല്യാണം കഴിക്കുന്നതിന് വേണ്ടി 2016ല്‍ വീട് വിട്ടുപോയി. അതിന് ശേഷം മകളെ കുറിച്ച് ഒന്നും കേട്ടിട്ടില്ലെന്നും കെവിന് പീറ്റര്‍ പറയുന്നു.
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു ക്രിസ്ത്യന്‍ പാര്‍ട്ടിയായി കാസ കണക്കാക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടതായി വിശ്വസിക്കുന്നു. കേരള കോണ്‍ഗ്രസ് നിലവില്‍ ദുര്‍ബലമാണ്. ഇതിന്റെ ഭാവി പ്രതീക്ഷ നല്‍കുന്നതല്ല. പഴയ പ്രതാപം കേരള കോണ്‍ഗ്രസ് വീണ്ടെടുക്കുമെന്ന് കരുതുന്നില്ലെന്നും കെവിന് പറഞ്ഞു. ഇവിടെയാണ് കാസ രൂപീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സാധ്യത. ഈ വിടവ് പതുക്കെ നികത്താന്‍ കാസ രൂപീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
നിലവിലെ ധാരണ അനുസരിച്ച് കാസ ഒരു സ്വതന്ത്ര സംവിധാനമായി തുടരും. എന്നാല്‍ പുതിയ പാര്‍ട്ടി ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകമായി നിലക്കൊള്ളും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസ ദേശീയതയ്ക്ക് വേണ്ടി നിലക്കൊള്ളുന്നവരെ പിന്തുണയ്ക്കും. അത് സ്വതന്ത്രരാകാം, രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാവാം. ഇവര്‍ ദേശീയതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്ക് അനുകൂലമായ സമീപനം കാസ സ്വീകരിക്കും. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ആലോചിക്കുന്നതെന്നും കെവിന് പീറ്റര്‍ പറഞ്ഞു.