കലാപശ്രമവും ഗൂഢാലോചനയും: ജലീലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്ന മുന്‍മന്ത്രി കെ.ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മനപൂർവ്വം പ്രകോപനമുണ്ടാക്കുക), 120 ബി ( കുറ്റകരമായ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മുൻ പൊളിറ്റിക്കൽ സെക്രട്ടറി സി എം രവീന്ദ്രൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുൻമന്ത്രി കെടി ജലീൽ എന്നിവർക്കെതിരെ താൻ രഹസ്യമൊഴി നൽകിയതായി അവകാശപ്പെട്ട് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ചാണ് ജലീൽ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
Content Highlights – K T Jaleel Complaint Against Swapna Suresh, Gold Smuggling Case