വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ച സംഭവം; മരണകാരണം ഹൃദയസ്തംഭനമെന്ന് ബന്ധുക്കള്‍
അവയവദാന ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സഹോദരി ഭര്‍ത്താവ് രംഗത്ത്. രോഗിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് ബന്ധുവായ അനില്‍കുമാര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് നടത്തിയ പരിശോധനയില്‍ രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന കാര്യം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു എന്ന് അനില്‍ കുമാര്‍ പറഞ്ഞു.
മരണം സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നും അത് തങ്ങളാരും പ്രതീക്ഷിച്ചതുമല്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. രാവിലെ കൊണ്ടുവന്നപ്പോള്‍ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. അവര്‍ പറഞ്ഞ മരുന്നുകളൊക്കെ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. നാലഞ്ച് പേരെ അവര്‍ വിളിച്ചിരുന്നു. എന്നാല്‍ ആര്‍ക്കാണ് വൃക്ക യോജിക്കുന്നതെന്ന് അറിയില്ലല്ലോ. അതിന് വേണ്ടിയുള്ള റിപ്പോര്‍ട്ടുകള്‍ക്കായി അവര്‍ കാത്തിരിന്നിട്ടുണ്ടാകാം. അത് എത്ര മണിക്ക് വന്നുവെന്നൊന്നും അറിയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ എന്തെങ്കിലും പറയാന്‍ സാധിക്കു. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ നിയമപരമായി നീങ്ങു മെന്നും അനില്‍കുമാര്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയെന്നാണ് ആരോപണം. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റിവെക്കാനുള്ള വൃക്ക മൂന്നു മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. വൃക്ക എത്തിച്ചങ്കിലും രോഗിയെ കൃത്യസമയത്ത്് തയ്യാറാക്കുന്നതിലും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിലും വീഴ്ച്ചയുണ്ടായതായാണ് വിവരം. അതേസമയം കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും ഇതാണ് കാലതാമസത്തിന് കാരണമായതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചിരുന്നു.
Content Highlights – Incidence of patient death following organ donation surgery, Relatives says death was due to heart attack