സംസ്ഥാനത്ത് ഓഗസ്റ്റ് 12 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശക്തികൂടിയ ന്യൂന മര്‍ദവും, ന്യൂനമര്‍ദപാത്തിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ ഈ മാസം 12 വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ പത്ത് വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ പതിനൊന്ന് വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും, ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ പത്ത് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ പതിനൊന്ന് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണം.
Content Highlights – Central Meteorological Department has said that widespread rains are likely in the state