ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ അനിൽ ആന്റണി മലർത്തിയടിക്കുമോ ?
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു..പുതുപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കുള്ള പിന്തുണയും അദ്ദേഹത്തിന്റെ മരണശേഷമുള്ള സഹതാപതരംഗവും കോൺഗ്രസിനു നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. സിപിഎം ആകട്ടെ ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കും എന്നുള്ള സൂചന മാത്രമാണുള്ളത്. ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.. എന്നാൽഎന് ഡി എ സ്ഥാനാര്‍ത്ഥിയെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണിയെ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ മകനെതിരെ അനില്‍ ആന്റണിയെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബി ജെ പി ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ..ഈ പശ്ചാത്തലത്തിലാണ് അനില്‍ കെ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വ സാധ്യതകള്‍ മാധ്യമങ്ങള്‍ സുരേന്ദ്രനോട് ആരാഞ്ഞത്. ഇതിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കം ബി ജെ പി ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമാകും എന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയില്‍ ശക്തമായ പ്രചാരണവും നല്ല മത്സരവും നടത്താന്‍ സാധിക്കുന്ന തരത്തില്‍ മുന്നോട്ടുപോകാനാണ് തീരുമാനം എന്നും സുരേന്ദ്രന് വ്യക്തമാക്കി. ബി ജെ പിയുടെ കോര്‍ ഗ്രൂപ്പ് യോഗം ഈ മാസം ചേരും. അന്ന് തന്നെ എന്‍ ഡി എ യോഗവും ചേരും. അന്തിമമായ സ്ഥാനാര്‍ഥി പട്ടിക 12-ാം തീയതി വൈകിട്ടോടെ പുറത്തിറക്കും എന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.അവിടെ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും പ്രതീക്ഷിക്കാം എന്നും ഞങ്ങള്‍ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണ് എന്നും ബി ജെ പി അധ്യക്ഷന്‍ പറഞ്ഞു. അന്തിമമായ സ്ഥാനാര്ഥിക പട്ടിക പുറത്തുവരുമ്പോള്‍ വ്യക്തമായ ചിത്രം ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഹരിയായിരുന്നു ബി ജെ പിക്കായി കളത്തിലിറങ്ങിയത്. എന്നാല്‍ 11,694 വോട്ട് മാത്രമാണ് എന്‍ ഡി എയ്ക്ക് ലഭിച്ചിരുന്നത്.അതിനാല്‍ തന്നെ അനില്‍ ആന്റണിയെ മത്സരിപ്പിച്ചാല്‍ പുതുപ്പള്ളിയില്‍ ചിത്രത്തിലേ ഇല്ലാത്ത ബി ജെ പിക്ക് ഊര്‍ജമാകും എന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. പുതുപ്പള്ളിയില്‍ 2016 ല്‍ ബി ജെ പിക്ക് 11 ശതമാനത്തിലേറെ വോട്ട് ലഭിച്ചിരുന്നു. ഇതാണ് കഴിഞ്ഞ തവണ ഇടിഞ്ഞത്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9000 ത്തില്‍ പിടിച്ച എല്‍ ഡി എഫിന് നിലവില്‍ 41.22 ശതമാനം വോട്ടും യു ഡി എഫിന് 48.08 ശതമാനം വോട്ടുമുണ്ട്. എന്‍ ഡി എയുടെ വോട്ട് ശതമാനം 8.87 ആണ്.
എന്നാൽ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് ഭരണമാറ്റം അനിവാര്യമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പറഞ്ഞു കേരളത്തിലെ സർക്കാർ വ്യാപകമായ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണ്, അടുത്ത തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കി ബിജെപിയെ കേരളത്തിലെ ജനങ്ങൾ അധികാരത്തിലേറ്റുമെന്ന ആത്മവിശ്വാസമുണ്ടെന്നും അനിൽ ആന്റണി വ്യക്തമാക്കുകയായിരുന്നു.കഴിഞ്ഞ ഏഴു വർഷത്തിനിടെയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളും കുംഭകോണങ്ങളുമുണ്ടായത്. അഴിമതിയും വർഗീയതയും വൻതോതിൽ സംസ്ഥാനത്ത് വർധിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനു പോലും പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട സ്വർണക്കടത്ത് കേസ് ഉയർന്നുവന്നത് ഇക്കാലത്താണ്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്നാണ് ആരോപണം.ഏറ്റവും ഒടുവിൽ, മുഖ്യമന്ത്രിയുടെ മകൾ തന്നെ സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരിക്കുന്നു. സ്വകാര്യ കമ്പനിയുടെ ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഇതുപോലെ പണം വാങ്ങിയ ആളുകളുടെ വിശദാംശങ്ങളുണ്ട്. ട്രേഡ് യൂണിയൻ നേതാക്കൻമാരും മാധ്യമ സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന്, കേരളത്തിൽ ഭരണമാറ്റം ഉണ്ടായേ തീരൂ എന്നും അദ്ദേഹം ആഞ്ഞടിക്കുന്നു..