പുതുപ്പള്ളിയിൽ വികസനം ഇല്ല ? ജെയ്ക്കിന്റെ ചോദ്യങ്ങളിൽ പതറി ചാണ്ടി ഉമ്മൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ വേദനയ്ക്കിടയിലും പുതുപ്പള്ളിയിൽ വീണ്ടും ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടും ചൂരും നിറയുകയാണ്. ഇടത് വലത് മുന്നണി സ്ഥാനാർഥികൾ കളത്തിലെത്തിയതോടെ പ്രചരണ രംഗവും പതിയെ ചൂട് പിടിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം മുതൽ വിലക്കയറ്റം വരെ നിരവധി വിഷയങ്ങൾ ചർച്ചയാക്കി മുന്നണികൾ മുന്നേറുകയാണ്. പുതുപ്പള്ളിയിൽ വികസന സംവാദത്തിന് ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് വെല്ലുവിളിച്ചപ്പോൾ വിലക്കയറ്റം പിടിച്ചുനിർത്താൻ എന്തുചെയ്തെന്ന ചോദ്യമാണ് ചാണ്ടി ഉമ്മൻ ഉന്നയിക്കുന്നത്. ഇരു സ്ഥാനാർഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോൾ ബി ജെ പി പ്രവർത്തകർ സ്ഥാനാർത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്. .എന്നാൽ പുതുപ്പള്ളിയിൽ ലിജിൻ ലാൽ എൻ ഡി എ സ്ഥാനാർത്ഥിയായേക്കും എന്ന് റിപ്പോർട്ടുകളുണ്ട്.. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ബി ജെ പി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ. നേരത്തേ ബിജെപി നേതാവ് ജോർജ് കുര്യൻ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുർന്നാണ് ലിജിന്റെ പേരിലേക്ക് എത്തിയതെന്നാണ് വിവരം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം പ്രധാന ചർച്ചയാക്കുകയാണ് ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞെന്നാണ് ജെയ്കിന്റെ പക്ഷം. യു ഡി എഫിന്റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും ഇടത് സ്ഥാനാർഥി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ജനങ്ങളിൽ നിന്ന് ഉയരുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ്. എങ്കിലും നമ്മൾക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാമെന്നും ജെയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ വമ്പൻ റോഡ് ഷോ നടത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ഗണപതി വിഷയത്തില് ഭരണപക്ഷവും എൻഎസ്എസും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് മന്ത്രി വി എൻ വാസനമൊപ്പം ജെയ്ക് പെരുന്നയിലെത്തിയത്. സുകുമാരൻ നായരുമായി ജെയ്ക്ക് കൂടിക്കാഴ്ച നടത്തി. പുതുപ്പള്ളിയിൽ എൻഎസ്എസിന്റെ പിന്തുണ തേടിയെടങ്കിലും സമദൂരം എന്ന നിലപാടായിരുന്നു സുകുമാരൻ നായർ അറിയിച്ചത്.അതേസമയം ഉമ്മൻചാണ്ടിയുടെ 40ാം ചരമദിനത്തിന് ശേഷമായിരിക്കും യു ഡി എഫ് മണ്ഡലത്തിൽ പ്രചരണം ശക്തമാക്കിയേക്കുക. നിലവിൽ സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ്. വളരെ പോസിറ്റാവായ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എൽ ഡി എഫ് സർക്കാരിനെതിരായ ജനവികാരമാണ് മണ്ഡലത്തിൽ തെളിയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതോടൊപ്പം ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി ആശംസകൾ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങളും രാഹുൽ വിലയിരുത്തി. ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടണമെന്നും, പിതാവിന്റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് രാഹുൽ ഗാന്ധി ചാണ്ടി ഉമ്മനോട് പറഞ്ഞു. മീനടം മണ്ഡലത്തിൽ മഞ്ഞാടി ഭാഗത്ത് ഗൃഹസന്ദർശനം നടത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ വിളി വന്നത്. രാഹുൽ ഗാന്ധിയുടെ ആത്മാർത്ഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായി ചാണ്ടി ഉമ്മനും പറഞ്ഞു.
എന്നാൽ ജെയ്ക് തോമസിന് വേണ്ടി പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും എന്നാണ് റിപ്പോർട്ടുകൾ. എൽ ഡി എഫിന്റെ രണ്ട് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ വമ്പൻ റോഡ് ഷോ നടത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. സാധാരണയായി ഉപ തിരെഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രി അവസാന ഘട്ടത്തിൽ ആണ് എത്താറുളളത്. എന്നാൽ പുതുപ്പളളിയിൽ ആദ്യഘട്ടത്തിൽ തന്നെ പിണറായി എത്തും. വ്യത്യസ്തമായ രീതിയാണ് എൽ ഡി എഫ് സ്വീകരിച്ചത്. 2 ഘട്ടങ്ങളിൽ ആയി മുഖ്യമന്ത്രി പ്രചാരണത്തിനായി എത്തും . എട്ട് പഞ്ചായത്തുകളിലും രണ്ട് ഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിൽ പങ്കെടുക്കുുമെന്നാണ് വിവരം.