കറുത്ത മാസ്കിന് വിലക്കില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ധേഹത്തിന്റെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക് ധരിച്ചവര്‍ക്ക് വിലക്കര്പ്പെടുത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പിന്നീടാണ് പ്രതികരണം ഉണ്ടായത്.
കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ച മാധ്യമപ്രവര്‍ത്തകയോട് മാസ്ക് മാറ്റാന്‍ നിര്‍ദേശിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
കൂടാതെ കലൂരില്‍ കറുത്ത ഡ്രസ് ധരിച്ചെത്തിയ ട്രാന്‍സ് വുമണ്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധിക്കാനല്ല മെട്രോയില്‍ യാത്ര ചെയ്യാനെത്തിയതാണെന്ന് പറഞ്ഞിട്ടും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായുള്ള മൊഴിയില്‍ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Content Highlights – Black masks are not banned, Pinarayi Vijayan