ജില്ലയിലെ വികസനപദ്ധതികളിൽ അവഗണന; വീണ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ചിറ്റയം ഗോപകുമാർ
ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രംഗത്ത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി, ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ പരാജയപെട്ടെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം.
ഇടത് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് തന്നെ ക്ഷണിക്കാത്തതിനെ തുടർന്നാണ് ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനം ഉയർത്തിയത്.
ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പ്രദർശന വിപണ മേളയുടെ അധ്യക്ഷനാണ് ചിറ്റയം ഗോപകുമാർ. നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാർ പരിപാടിയുടെ പോസ്റ്ററുകളിലും നോട്ടീസിലുമെല്ലാം ചിറ്റയത്തിന്റെ ചിത്രമടക്കം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് . എന്നാൽ പരിപാടിയെ കുറിച്ച് അടൂർ എംഎൽഎ കൂടിയായ താൻ അറിഞ്ഞിട്ടില്ലെന്ന് ചിറ്റയം പറയുന്നു.
ജില്ലയുടെയും കൂടി മേൽനോട്ടവും ചുമതലയുള്ള മന്ത്രി വീണ ജോർജ് ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്ന് ചിറ്റയം ഗോപകുമാര്‍ ആരോപണം ഉന്നയിക്കുന്നു. ജില്ലയിലെ വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ ചൂണ്ടിക്കാട്ടി.
Content Highlight – Neglect of development projects in the district; Chittayam Gopakumar criticizes Veena George