ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു
ഭക്തിഗാനങ്ങളാല്‍ മലയാളികളുടെ മനംനിറച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45 നായിരുന്നു അന്ത്യം. ഗുരുവായൂര്‍, ചൊവ്വല്ലൂര്‍ ക്ഷേത്രങ്ങളിലെ പാരമ്പ കഴകപ്രവൃത്തിയുള്ള ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് കുടുംബാംഗമാണ്.
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന് ദിവ്യരൂപം’, ഉദിച്ചുയര്‍ന്നു മാമല മേലെ, കാനന വാസാ കലിയുഗ വരദാ…തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചവയാണ്. മൂവായിരത്തോളം ഭക്തിഗാനങ്ങളാണ് അദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നത്. മിക്കതും ഇന്നും മലയാളി ഒരു ശീലം പോലെ കേള്‍ക്കുന്നവ. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശ്രീരാഗം, കര്‍പ്പൂരദീപം, ചൈതന്യം തുടങ്ങിയ സിനിമകള്‍ക്കും വേണ്ടി തിരക്കഥ എഴുതിയതും അദ്ദേഹമാണ്. ആദ്യകാലത്തെ സൂപ്പർഹിറ്റ് ചിത്രമായ പ്രഭാതസന്ധ്യയുടെ കഥയും തിരക്കഥയും സംഭക്ഷണവും ചൊവ്വല്ലൂരായിരുന്നു. ഹരിഹരന് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റായ ‘ സര്‍ഗം ‘ സിനിമയ്ക്ക് സംഭാഷണവും എഴുതി.ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കീഴ്പ്പടം കുമാരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപിള്ള തുടങ്ങിയവരെ കുറിച് ഡോക്യുമെന്ററികൾ ചെയ്തു.
ഹാസ്യ സാഹിത്യകാരനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, ഗുരുവായൂര്‍ തിരുവെങ്കിടാചലപതി പുരസ്കാരം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്കാരം, രേവതി പട്ടത്താനം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.ആകാശവാണി സ്റ്റാഫ് ആര്‍ട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ് ചെയര്മാന്, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1996ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റ് തുടങ്ങിയപ്പോൾ പത്രാധിപസമിതി അംഗമായി. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററായിരുന്നു.
1936ല്‍ കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്ത് ശങ്കുണ്ണിവാര്യരുടെയും ചൊവ്വല്ലൂര്‍ വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനിച്ചു. ഭാര്യ: തൃശ്ശിലേരി വാരിയത്ത് സരസ്വതി. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന് . മരുമക്കള്‍: പരേതനായ സുരേഷ് ചെറുശ്ശേരി, ഗീത. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍.
Content Highlights – Chowalloor Krishnankutty passed away