മണ്ടൻ ആശയമല്ല…തലയുയർത്തി സിയാൽ
നെടുമ്പാശേരിയിലെ വിശാലമായ പാടനിലങ്ങള്ക്ക് സമീപത്തെ വിമാനത്താവളത്തിലേക്ക് ആദ്യത്തെ വിമാനം പറന്നിറങ്ങിയിട്ട് 24 വര്‍ഷം പൂര്‍ത്തിയാവുമ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രാജ്യാന്തര വ്യോമയാന ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി പോലെയൊരു കുഗ്രാമത്തില്‍ ഒരു വിമാനത്താവളം. അതും അന്താരാഷ്ട്ര നിലവാരത്തിലുള്ളൊന്ന്. നിര്‍മിക്കാന്‍ കോടികള്‍ കണ്ടെത്തണം, ജൈവസമ്പത്തിന്റെ കലവറയായ ഏക്കറു കണക്കിന് നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തണം. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം.. ഒരിക്കലും നടക്കാത്ത മണ്ടന്‍ ആശയമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവർ നിരവധി..എന്നാൽ തള്ളിക്കളഞ്ഞവർക്കും എതിര്‍പ്പുകള്‍ക്കും വിമാനത്താവള പദ്ധതിയെ തളര്‍ത്താന്‍ കഴിഞ്ഞില്ലെന്നു വേണം പറയാൻ. അഞ്ചു വര്‍ഷം കൊണ്ടാണ് ഇന്നു കാണുന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം പണികഴിപ്പിച്ചത്. ഗ്രാമമായിരുന്ന നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്‍പോര്‍ട്ട് സിറ്റിയിലേക്കുള്ള മോഹിപ്പിക്കുന്ന ആ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രതിസന്ധികള്‍ നിറഞ്ഞൊരു ചരിത്രമുണ്ട്, ഒരുപാട് പേരുടെ അധ്വാനത്തിന്റെ കഥ…
1980 കളുടെ അവസാനത്തോടെയാണ് കൊച്ചിയിൽ പുതിയൊരു വിമാനത്താളം വേണമെന്ന ആവശ്യം ശക്തമാവുന്നത്. കൊച്ചിൽ അന്ന് വെല്ലിംങ്ടൺ ദ്വീപിൽ നാവികസേനയുടെ വിമാനത്താവളം പ്രവർത്തിച്ചിരുന്നെങ്കിലും വലിയ വിമാനങ്ങൾക്കിറങ്ങാനുള്ള സൗകര്യമുണ്ടായിരുന്നില്ല. അതിനാൽ ഈ വിമാനത്താവളത്തിന്റെ റൺവെ വിപുലീകരിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ അതിന് അനുകൂലപ്രതികരണം ലഭിച്ചില്ല, അങ്ങനെയാണ് പുതിയ വിമാനത്താവളം എന്ന ആശയത്തിലെത്തുന്നത്. റോഡ് കണക്ടിവിറ്റി മികച്ചതായതിനാൽ നെടുമ്പാശ്ശേരി തന്നെ വിമാനത്താവളത്തിനുള്ള സ്ഥലമായി തീർച്ചപ്പെടുത്തി. കൊച്ചിയിൽ നിന്ന് 30 കിമീ മാത്രമാണ് നെടുമ്പാശ്ശേരിയിലേക്കുള്ള ദൂരം. 200 കോടി രൂപയായിരുന്നു പുതിയ വിമാനത്താവളത്തിന്റെ എസ്റ്റിമേറ്റ് തുക. പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ച് പണം കണ്ടെത്താമെന്ന ആശയം വി.ജെ കുര്യൻ അന്നത്തെ മുഖ്യമന്ത്രി കരുണാകരനുമായി ചർച്ച ചെയ്തു….അങ്ങനെ 1994 മാർച്ച് 30 ന് സിയാൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് അവർ വലിയൊരു സ്വപ്നത്തിനു വേണ്ടിയുള്ള സ്വരുകൂട്ടൽ ആരംഭിച്ചു…
വിമാനത്താവള പദ്ധതിയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നപ്പോഴേക്കും നാനാതുറങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു..നാട്ടുകാരിൽ നിന്ന് പിച്ച തെണ്ടിയാണോ പണം ഉണ്ടാക്കുന്നത് ? മണ്ടൻ കുര്യൻ പറയുന്ന മണ്ടൻ ആശയമാണ് ഇതൊക്കെ എന്നായിരുന്നു പരിഹാസങ്ങൾ..വിജെ കുര്യൻ മാത്രമായിരുന്നു അന്ന് വിമാനത്താവളത്തിന് വേണ്ടി എക്സ്ക്ലൂസിവ് ആയി പ്രവർത്തിച്ചിരുന്ന ഏക ഉദ്യോഗസ്ഥൻ. പൊതുജനങ്ങൾ പദ്ധതിയിൽ സംശയങ്ങളുയർത്തി കൊണ്ടിരുന്നു..അന്ന് ജോസ് മാളിയേക്കൽ എന്ന വിദേശ മലയാളി വിമാനത്താവളം പദ്ധതിക്കു വേണ്ടി അയച്ച 20000 രൂപയിൽ നിന്നാണ് 200 കോടിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. പണം കണ്ടെത്താൻ നിരവധി ക്യാപെയിനുകൾ പരസ്യങ്ങൾ എല്ലാം ചെയ്തു.എന്നിട്ടും ആദ്യഘട്ടത്തിൽ സമാഹരിക്കാനായത് 5.15 കോടി മാത്രം.. കാരണം കൊച്ചിയിൽ ഒരു വിമാനത്താവളം വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല… ഉദേശിച്ച പണം സമാഹരിക്കാൻ കഴിയാത്തതിനാൽ കിട്ടിയ പണം തിരികെ കൊടുത്ത് പദ്ധതി ഉപേക്ഷിക്കാൻ പ്രമുഖർ ഉൾപ്പെടെ പലരും ഉപദേശിച്ചു. വീണ്ടും ശ്രമിക്കാനായിരുന്നു സിയാൽ സംഘത്തിനു മുഖ്യമന്ത്രി കെ കരുണാകരൻ നൽകിയ നിർദേശം. ഇതിനായി സൊസൈറ്റി ആയി രെജിസ്റ്റർ ചെയ്ത സിയാൽ കമ്പനി ആയി രജിസ്റ്റർ ചെയ്തു.ഇതിനിടെ സിയാൽ സെക്രെട്ടറിയറ്റ് തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി തടസ്സങ്ങൾ നേരിട്ടെങ്കിലും അവർ അതിനെയൊക്കെ തരണം ചെയ്തു.പിന്നീട് ലഭിച്ച തുക കൊണ്ട് ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിലാണ് പ്രതിഷേധ സമരങ്ങൾ കൊടുംബിരി കൊണ്ടത്. പ്രതിഷേധം അവസാനിപ്പിക്കാൻ നൽപ്പതോളം ചർച്ചകളാണ് അന്ന് ഉദ്യോഗസ്ഥർ നടത്തിയത്.
അങ്ങനെ 1994 ഓഗസ്റ്റ് 21 നു വിമാനത്താവളത്തിനു വേണ്ടി തറക്കല്ലിട്ടു.പണത്തിനുള്ള ബുദ്ധിമുട്ട് അപ്പോഴും തുടർന്നുകൊണ്ടേയിരുന്നു.അങ്ങനെ 1995 ൽ 100 കോടി രൂപയുടെ ലോൺ ഹഡ്കൊ സിയാലിനു നൽകി.അതോടെ നിർമാണം ദ്രുതഗതിയിലായി. വീണ്ടും പ്രതിഷേധങ്ങൾ ശക്തമായി. ആയിരക്കണക്കിന് കേസുകൾ പ്രതിഷേധവുമായി ബന്ധപെട്ട് രജിസ്റ്റർ ചെയ്തു. പിന്നീട് കെ കരുണാകരനു ശേഷം വന്ന ഇ കെ നായനാർ സർക്കാരും ആന്റണി സർക്കാരും വിമാനതാവളത്തെ പിന്തുണച്ചു.നിച്ഛയ ദാർഢ്യമോ ഭാഗ്യമോ ഒരു പാലം പണിയാൻ പോലും പത്തും പതിനഞ്ചു വർഷങ്ങൾ എടുക്കുന്ന നാട്ടിൽ അങ്ങനെ 5 വർഷം കൊണ്ട് വിമാനത്താവളം ഉയർന്നു. അങ്ങനെ 1999 മെയ് 25നു രാഷ്ട്രപതി കെ ആർ നാരായണൻ വിമാനതാവളം ഉദ്ഘടനം ചെയ്തു.ജൂൺ പത്തിന് വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങി.ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനതാവളമെന്ന പെരുമയും കൊച്ചി വിമാനത്താവളത്തിന് സ്വന്തം.എഴുതി തള്ളിയ ഒരു സ്വപ്നത്തിനു എങ്ങനെ ചിറക് നൽകാമെന്ന് കാണിച്ചുതരികയായിരുന്നു സിയാൽ. നെടുമ്പാശ്ശേരിയില്‍ 1300 ഏക്കറിലായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം കൂടിയാണ്.