എഡിജിപി അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി, എഡിജിപി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഡിജിപിയുടെ ആവശ്യം തള്ളി

എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂർ നീണ്ട ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാർത്താ കുറിപ്പിറക്കിയത്.
ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോണ്‍ ചോർത്തല്‍, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും തല്‍സ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയത്.