പ്രതിഷേധവും പ്രതികരണവും ചൂടുപിടിക്കുന്നു; ഭരണ പ്രതിപക്ഷ വാക് പോര് മുറുകി
സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതികരണങ്ങളും ചൂടുപിടിക്കുകയാണ്. സോഷ്യൽ മീഡിയയിലും നേരിട്ടും പ്രതികരണവുമായി എൽ ഡി എഫും – യു ഡി എഫും രംഗത്തെത്തി.
ഇന്നലെ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചവരെ ഇ പി ജയരാജൻ തടയുകയും തള്ളിയിടുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പലപോസ്റ്റുകളും. അതിൽ ശ്രദ്ധേയമായതാണ് മുൻമന്ത്രിയും ഉടുമ്പൻ ചോല എം എൽ എയുമായ എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഊതിയാ പറക്കുന്നവരാണോ ഊത്തൻമാർ എന്നാണ് എം എം മണി ചോദിച്ചത്. വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാണെന്നും പോസ്റ്റിൽ പറയുന്നു.
സമാധാനമായി പ്രതിഷേധിച്ചവരെ ഇ പി ജയരാജൻ അങ്ങോട്ടുപോയി ആക്രമിക്കുകയാണെന്നായിരുന്നു കെ എസ് ശബരീനാഥൻ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശബരീനാഥന്റെ പ്രതികരണം. ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഹിറ്റ്ലറുടെ മുഖച്ഛായയെന്നാണ് വി ഡി സതീശന്റെ പ്രതികരണം.
വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നുവെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. പ്രതിഷേധക്കാരെ തടയുകയല്ലാതെ പിന്നെ കെട്ടിപ്പിടിക്കണമായിരുന്നോ എന്നും ഇ പി ജയരാജൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് നേരെയുണ്ടായത് ഭീകരപ്രവർത്തനമാണ്. കോൺഗ്രസിന് ജനകീയ പിന്തുണ ലഭിക്കാത്തതിനാൽ ഭീകരപ്രവർത്തനത്തിലേക്ക് നീങ്ങുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.മട്ടന്നൂർ ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ, എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. കറുത്തവസ്ത്രം ധരിച്ചാണ് ഇവർ വിമാനത്തിലെത്തിയത്. പ്രതിഷേധം ശക്തമാവുമെന്ന ഘട്ടത്തിലാണ് ഇ പി ജയരാജൻ ഇവർക്ക് നേരെ തിരിഞ്ഞതും തടയാൻ ശ്രമിച്ചതും.
കഴിഞ്ഞ ദിവസം കറുത്ത വസ്ത്രത്തിന്റെയും മാസ്കിന്റേയും പേരിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു. പ്രതിഷേധക്കാർ മദ്യപിച്ചിരുന്നു എന്ന വാദഗതിയിൽ നിന്ന് ഇ പി ജയരാജൻ പിന്നാക്കം നിന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പ്രതിഷേധം നീങ്ങുന്നു എന്നാണ് വ്യക്തമാകുന്നത്.
Content Highlights: Comments on CM protest at Kannur