താന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം; നിരന്തരം ഭീഷണിയെന്ന് സ്വപ്ന സുരേഷ്
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി പരാതി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യമുന്നയിച്ചാണ് ഭീഷണിയെന്ന് സ്വപ്ന മാധ്യമങ്ങളെ അറിയിച്ചു.
മരട് അനീഷ് എന്ന ആളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. കെ ടി ജലീല്‍ സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയ ആള് പറഞ്ഞത്. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പേര് പറയുന്ന ഭാഗം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കി.
തനിക്ക് വധഭീഷണി ഉയര്‍ത്തിയുള്ള ഫോണ്‍ സന്ദേശം ലഭിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. എത്ര നാള് ജീവനോടെ ഉണ്ടാവുമെന്ന് ഉറപ്പില്ല. സംഭവത്തെ കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ മൊഴി നല്‍കുന്നത് തടസ്സപ്പെടുത്താനാണ് ശ്രമമെന്നും സ്വപ്ന പറഞ്ഞു.
ഇതിനു മുമ്പ് ഇന്റര്‍നെറ്റിലൂടെയുള്ള ഫോണ്‍ വിളികളാണ് ലഭിച്ചതെങ്കില്‍ വിളിക്കുന്ന ആളുടെ പേരും മേല്‍വിലാസവും അറിയിച്ചുള്ള ഫോണ്‍ വിളികളാണ് വരുന്നതെന്നും സ്വപ്ന പറയുന്നു.
Content Highlights – Swapna Suresh, Constantly receiving Life threatening messages