സ്കൂളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധയുണ്ടായ സംഭവം; വിദ്യാഭ്യാസമന്ത്രിയും ഭക്ഷ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ച ഇന്ന്
സംസ്ഥാനത്ത് സ്കൂളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ ജാഗ്രത പുലര്ത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന വിഷയത്തില്‍ ഭക്ഷ്യമന്ത്രിയുമായി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കായംകുളം പുത്തന്‍ റോഡ് യുപി സ്കൂളിലെ കുട്ടികള്‍ക്കും വെങ്ങാനൂര്‍ ഉച്ചക്കട എല്‍പി സ്കൂളിലെ കുട്ടികള്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരേ സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ച 600 കുട്ടികളില്‍ 14 പേരാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊട്ടാരക്കര കല്ലുവാതുക്കലെ അങ്കണവാടിയിലെ നാല് കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.
സ്കൂളിലെയും അങ്കണവാടികളെയും ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഭക്ഷ്യശേഖരത്തിന്റെ ഗുണനിലവാരം വിലയിരുത്തുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും വിഷയത്തെ ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
Content Highlights – V Sivankutty, Kerala Government, Food Poisoning in school