പിണറായിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുമെന്ന് കോൺഗ്രസിൻറെ ഭീഷണി; തിരിച്ചടിക്കാൻ സതീശൻ തന്നെ മുഖ്യമന്ത്രിയാകണം, ചെന്നിത്തല പിണറായിയുടെ വാലാട്ടിയെന്നും അണികൾ
നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ കേരളത്തിലെ മൂന്ന് മുന്നണികളും കണക്ക് കൂട്ടലുകൾ നടത്തുന്ന തിരക്കിലാണ്. ഇടതും വലതും മുന്നണികൾ അധികാരപ്രതീക്ഷയിൽ കണക്കുകൂട്ടലുകൾ നടത്തുമ്പോൾ ബിജെപി മുന്നണി എത്ര സീറ്റുകൾ നേടും എന്നതിന്റെ കണക്കാണ് നോക്കുന്നത്.
അതിനെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കോൺഗ്രസ് സൈബർ വിഭാഗം എത്തിയിരിക്കുന്നത്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ സന്ദീപിനെതിരെയാണ് ഭീഷണി വർന്നിരിക്കുന്നത്. ‘ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും’ എന്ന തരത്തിൽ കോൺഗ്രസ്സ് സൈബർ ഇടങ്ങളിൽ വ്യാപക പ്രചാരണമാണ് നടക്കുന്നത്.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് ഈ ഭീഷണി സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകനായ സന്ദീപിന്റെ ചിത്രം സഹിതമാണ് കണക്ക് തീർക്കാൻ തയ്യാറാണ് എന്ന രീതിയിലുള്ള പോസ്റ്റുകൾ വരുന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന ലാത്തിച്ചാർജിന് നേതൃത്വം നൽകിയത് സന്ദീപ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
അന്ന് നടന്ന സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
“സാറേ” സുഖമാണല്ലോ അല്ലേ…!
സുഖിക്കാൻ പോവുന്നതേ ഒള്ളൂ.
22 ദിവസം കൂടെ കഴിഞ്ഞോട്ടെ…. ഞങ്ങൾ സാറന്മാരെ സുഖിപ്പിക്കുന്നുണ്ട് …!
ഞങ്ങളുടെ പ്രിയപെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വച്ചോ…! ഞങ്ങളെല്ലാം മറന്നെന്നു നിങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ മരിച്ചെന്നു ഉറപ്പ് വരുത്തണം…! ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ടെഴുതി ഇട്ടിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്…. ആ കണക്കുകൾ ഒക്കെ നമുക്ക് തീർക്കേണ്ടേ “സാറേ “???
ഇതാണ് അരുൺ രാജേന്ദ്രന്റെ പോസ്റ്റിലെ ഉള്ളടക്കം. യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്ന പേജിലും കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിലും സമാനമായ രീതിയിൽ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ഞങ്ങളുടെ പ്രവർത്തകരുടെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് ചോദിച്ചിരിക്കും’ എന്നാണ് ഈ പോസ്റ്റുകൾ എല്ലാം പറയുന്നത്.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ സർക്കാർ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും കോൺഗ്രസ് സൈബർ ഇടങ്ങളിൽ ചർച്ചകൾ സജീവമാണ്. ഇതിനിടയിലാണ് പോലീസുകാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന സൂചന നൽകുന്ന ഇത്തരം പോസ്റ്റുകൾ വരുന്നത്. ഈ സംഭവത്തിൽ സന്ദീപിന്റെ ഭാഗത്തുനിന്ന് ഇതുവരെ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്നാൽ ഈ പോസ്റ്റിന് കീഴിലും കോൺഗ്രസ്സിലെ ചേരി തിരിവ് വ്യക്തമാണ്. മുഖ്യമന്ത്രിയായി വി ഡി സതീശൻ തന്നെ വരണം . ഇന്നലെ നമുക്ക് തിരിച്ചടിക്കാൻ കഴിയുകയുള്ളൂ എന്നാണ് ഒരാൾ പറയുന്നത്. സതീശന് പകരം ചെന്നിത്തലയാണ് മുഖ്യമന്ത്രി ആകുന്നതെങ്കിൽ കാര്യങ്ങൾ നടക്കില്ല എന്നും പറയുന്നുണ്ട്. രമേശ് ചെന്നിത്തല പിണറായിയുടെ വാലാട്ടി ആണെന്നും അതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്നും കൂടെ കോൺഗ്രസ്സുകാർ തന്നെ പറയുന്നുണ്ട്.








