ഗൂഗിള്‍ മാപ്പ് ചതിച്ചു; കോട്ടയത്ത് വിനോദസഞ്ചാരികള്‍ കാറോടിച്ച് ഇറങ്ങിയത് നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക്
കോട്ടയം, കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ വിനോദസഞ്ചാരികള്‍ കാറോടിച്ചിറക്കിയത് തോട്ടിലേക്ക്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കര്‍ണാടക സ്വദേശികളായ കുടുംബമായിരുന്നു ഫോര്‍ച്യൂണര്‍ കാറിലുണ്ടായിരുന്നത്. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിലാണ് ഗൂഗിള്‍ മാപ്പ് ഇവരെ കുറുപ്പന്തറയില്‍ എത്തിച്ചത്.
കുറുപ്പന്തറ കടവില്‍ നേരേ മുന്നോട്ടു പോകാനായിരുന്നു മാപ്പ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് വളവ് വകവെയ്ക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുക്കുകയും തോട്ടിലേക്ക് പതിക്കുകയുമായിരുന്നു. നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് കാറിന്റെ മുന്‍വശം ചാടി. ഇതോടെ ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു.
കാര്‍ കരയ്ക്കു കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ലോറി എത്തിച്ച് കെട്ടിവലിച്ചാണ് കാര്‍ തോട്ടില്‍ നിന്ന് കരകയറ്റിയത്. കാര്യമായ തകരാറുകളൊന്നും സംഭവിക്കാത്തതിനാല്‍ കുടുംബം ഇതേ കാറില്‍ തന്നെ യാത്ര തുടര്‍ന്നു. മുന്‍പും ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അടുത്തിടെ ഒരു ഓട്ടോറിക്ഷ തോട്ടില്‍ വീണിരുന്നു.
Content Highlight: car fell into water stream as google map led to wrong way