സജി ചെറിയാന്റെ പ്രസംഗം അനുചിതം; കോടതിയിലെത്തിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സി പി ഐ
ഇന്ത്യൻ ഭരണഘടനക്കെതിരെയുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗം അനുചിതമെന്ന് സിപിഐ വിലയിരുത്തൽ. പ്രസംഗത്തിനിടെ പറഞ്ഞ കാര്യങ്ങൾ ഗുരുതരമാണെന്നും വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സിപിഐയുടെ പ്രസ്താവന.
പാർട്ടി വേദിയിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സജി ചെറിയാൻ പറഞ്ഞു. പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതിൽ ദുഃഖമുണ്ട്. കാര്യങ്ങൾ തന്റേതായ ശൈലിയിൽ അവതരിപ്പിക്കുകയാണുണ്ടായത്. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നടപ്പിലാകുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
പ്രസംഗം വിവാദമായതിന്റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞിരുന്നു. ചിലപ്പോൾ മന്ത്രിക്ക് നാക്കു പിഴ സംഭവിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വിവാദ പരാമർശത്തെ ചൊല്ലി പ്രതിപക്ഷം രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എം.എ ബേബിയുടെ പ്രതികരണം. ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്.
സജി ചെറിയാൻ ജാഗ്രത പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വവും വിലയിരുത്തി. എന്നാൽ സജി ചെറിയാനെ ന്യായീകരിക്കുകയാണ് സിപിഎം പത്തനംതിട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു . കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സജി ചെറിയാൻ പറഞ്ഞത്. അതിലെ വസ്തുത മനസ്സിലാക്കാതെയാണ് കാര്യങ്ങൾ വിവാദമാക്കുന്നത് എന്നായിരുന്നു അദ്ദേഹം പറയുന്നത്. പ്രസംഗ സമയത്ത് വേദിയിലുണ്ടായിരുന്ന ആളെന്ന നിലയിലാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം.
Content Highlights – Minister Saji Cherian’s speech against the Constitution of India as inappropriate, CPIM