സജി ചെറിയാന്റെ വിവാദ പ്രസ്താവന; മന്ത്രിയുടേത് നാക്കു പിഴ; രാജി വെക്കേണ്ടതില്ലെന്ന് എംഎ ബേബി
സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരായ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്. പ്രസംഗത്തിനിടെ സജി ചെറിയാനുണ്ടായത് നാക്കു പിഴയാണ്. അക്കാര്യം മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും എംഎ ബേബി വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി തന്നെ വിശദീകരിച്ച സ്ഥിതിക്ക് അത് അവസാനിപ്പിക്കാമെന്നും ബേബി പറഞ്ഞു. ഭരണഘടനയ്ക്ക് ചില അപര്യാപ്തതകള്‍ ഉണ്ടാവാം. അതെഴുതിയവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഭരണഘടന ഭേദഗതി ചെയ്യാനുള്ള വകുപ്പ് കൂട്ടിചേര്ത്തതെന്ന് എംഎ ബേബി വ്യക്തമാക്കി.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയായ ‘നൂറിന്റെ നിറവില്‍’ സംസാരിക്കവേയായിരുന്നു മന്തി സജി ചെറിയാന് ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതാണ് മന്തിയുടെ പ്രസ്താവന. ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയുടേത്. ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാരന് എഴുതിയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവുമാണെന്ന പ്രസ്താവനയും സജി ചെറിയാന് നടത്തി.
Content Highlights – Minister Saji Cherian, Cherian’s statement against the Constitution