സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേരും. സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരെയുള്ള പ്രസ്താവന ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. സജി ചെറിയാന് രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
സജി ചെറിയാന് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടി ഈ ആവശ്യം തള്ളുകയാണ്. മന്ത്രിയെന്ന നിലയില്‍ നല്ല പ്രവര്‍ത്തനമാണ് സജി ചെറിയാന് നിര്‍വഹിച്ചതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.
നിലവില്‍ സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് ഏറ്റെടുത്തിരിക്കുന്നത്. വകുപ്പുകള്‍ മറ്റാര്‍ക്കെങ്കിലും കൈമാറുമോ എന്നും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. അതേസമയം, ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരായ കേസ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഗവര്‍ണര്‍ കത്ത് രാഷ്ട്രപതിക്ക് കൈമാറി.
Content Highlights – Saji Cherian, CPM state secretariat meeting will be held today