‘എസ്എഫ്ഐയ്ക്ക് ക്ളാസെടുക്കാൻ വരരുത്’; ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി

എസ്എഫ്ഐയെ വിമർശിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎം പ്രവർത്തകനായ രഞ്ജിഷ് ടി പി കല്ലാച്ചിയാണ് ഭീഷണി മുഴക്കിയത്.
‘നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎല്‍എയും മന്ത്രിയുമായ നീ എസ്എഫ്ഐ ക്ക് ക്ലാസെടുക്കാൻ വരരുത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നീ നടത്തിയ ജല്പനങ്ങള് ഇനിയും നീ പുറത്തെടുത്താല്‍ മറുപടി പറയുന്നത് എസ്എഫ്ഐ ആയിരിക്കില്ല’- എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. നേരത്തെ നാദാപുരം എംഎല്‍എയായിരുന്നു ബിനോയ് വിശ്വം.
ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്എഫ്ഐയുടേതെന്നും വളരെ പ്രാകൃതമായ സംസ്കാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു ബിനോയ് വിശ്വം വിമർശിച്ചത്. ഇപ്പോഴത്തെ എസ്എഫ്ഐക്കാർക്ക് പുതിയലോകത്തിന് മുന്നിലുള്ള ഇടതുപക്ഷത്തിന്റെ കടമയെപ്പറ്റി അറിയില്ല. അവർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥം അറിയില്ല. ശരിയായ പാഠം പഠിച്ച് തിരുത്തിയില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാദ്ധ്യതയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.