ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു- മന്ത്രി സജി ചെറിയാന്
ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായതോടെ നിയമസഭയില്‍ മറുപടി നല്കി സാംസ്കാരിക മന്ത്രി സജി ചെറിയാന്. ഭരണഘടനയെ തള്ളി പറഞ്ഞിട്ടില്ല, വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഒരിക്കല്‍പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രസംഗമധ്യേയുള്ള പരാമര്‍ശങ്ങള്‍ ഏതെങ്കിലും തരത്തില്‍ തെറ്റായി വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില് അതില്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയായ ‘നൂറിന്റെ നിറവില്‍’ സംസാരിക്കവേയായിരുന്നു മന്തി സജി ചെറിയാന് ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതാണ് മന്തിയുടെ പ്രസ്താവന. ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയുടേത്. ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാരന് എഴുതിയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവുമാണെന്ന പ്രസ്താവനയും സജി ചെറിയാന് നടത്തി.
അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസ്താവനയില്‍ മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മന്ത്രി രാജി വെക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രതിപക്ഷം നിയമസഭ സമ്മേളനം ബഹിഷ്കരിച്ചു.
Content Highlights – Minister Saji Cherian responded in the Legislative Assembly