പെട്ടിമുടി ദുരന്തം; കാണാതായവരുടെ മരണസർട്ടിഫിക്കറ്റിൽ അവ്യക്തത തുടരുന്നു
ഇടുക്കി ജില്ലയിലെ പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ കാണാതായവരുടെ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നു. മരണ സർട്ടിഫിക്കറ്റിനായി സമീപിക്കുമ്പോൾ അധികൃതർ കൃത്യമായ വിശദീകരണം നൽകാൻ മടിക്കുന്നുവെന്നും കാണാതായവരുടെ ബന്ധുക്കൾ പരാതി ഉന്നയിക്കുന്നു. പെട്ടിമുടിയില് കാണാതായവർക്കായി ദിവസങ്ങളായി തിരച്ചൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്ത ആളുകളെ മരിച്ചതായി പ്രഖ്യാപിച്ച് ബന്ധുക്കൾക്ക് ആനുകൂല്യം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
2020 ആഗസ്റ്റ് ആറിനാണ് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ 66 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. പതിനേഴ് ദിവസം നീണ്ട തെരച്ചിലിന് ശേഷം കാണാതായവരെ മരിച്ചതായി കണക്കാക്കി സർക്കാർ വിജ്ഞാപനം ഇറക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ വ്യക്തത വന്നില്ല. നാല് പേരുടെയും മരണ സർട്ടിഫിക്കറ്റ് ഇതുവരെ ഇഷ്യൂ ചെയ്തിട്ടില്ല. മൂന്നാർ എം ജി കോളനി സ്വദേശിയായ ഷൺമുഖനാഥന്റെ മകൻ ദിനേശ് കുമാർ, പെട്ടിമുടി സ്വദേശിനി കസ്തൂരി, മകൾ പ്രിയദർശിനി, കാർത്തിക എന്നിവരാണ് കാണാതായവരുടെ പട്ടികയിൽ ഉള്ളവർ.
ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് മാത്രമാണ് സഹായം ലഭിച്ചത്. കാണാതായവരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പലതലത്തിലുള്ള നിയമപ്രശ്നങ്ങൾ ഉന്നയിച്ച് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുമ്പോൾ സർക്കാർ പ്രഖ്യാപനത്തിൽ അവസാന പ്രതീക്ഷയും അർപ്പിച്ച് കാത്തിരിക്കുകയാണ് കാണാതായവരുടെ ബന്ധുക്കൾ.
Content Highlight: Death certificates of missing people in Pettimudi disaster yet to issue.