കോഴിക്കോട് നിന്ന് കാണാതായ യുവാവിന്റെ മരണം സ്ഥിരീകരിച്ചു
ഡി എൻ എ പരിശോധനയിൽ മരിച്ചത് ഇർഷാദെന്ന് തെളിഞ്ഞു
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ (26) മരണം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചത്.
കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.
ജൂലൈ 16-ന് രാത്രി കോഴിക്കോട്-അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍നിന്ന് ചുവന്ന കാറില്‍നിന്ന് ഇറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. യുവാവ് പുഴയില്‍ ചാടിയതോടെ തട്ടിക്കൊണ്ടുപോയവര്‍ കാറുമായി രക്ഷപ്പെട്ടതും സംശയങ്ങള്‍ക്കിടയാക്കി. പിറ്റേ ദിവസമാണ് നന്തി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 28-നാണ് ഇര്‍ഷാദിനെ കാണാനില്ലെന്ന് ഉമ്മ നബീസ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയത്.
ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ നാല് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീല്‍ (26), പൊഴുതന സ്വദേശി സജീര്‍ (27) പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തില്‍ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പോലീസ് കണ്ടെത്തല്‍.
മേയ് 13-നാണ് ഇര്‍ഷാദ് ദുബായില്‍നിന്ന് നാട്ടിലേക്കെത്തിയത്. 23-ന് വീട്ടില്‍നിന്ന് ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്കുപോയി. ജൂലായ് മാസം എട്ടിനാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യം വരുന്ന സ്വര്‍ണം തിരികെ നല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി.
സൂപ്പിക്കട സ്വദേശി ഷെമീറുള്‍പ്പടെ മൂന്നുപേര്‍ക്കാണ് സ്വര്‍ണം കൈമാറിയതെന്നായിരുന്നു മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlights – Death of the missing youth from Kozhikode has been confirmed