വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം: മെഹനാസിനായി ലുക്ക് ഔട്ട് നോട്ടീസ്
ദുബായില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസിനായി ലുക്ക് ഔട്ട് നോട്ടീസ്. മെഹനാസിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാൽ ഇയാൾ ഇതുവരെയും ഹാജാരാകാതിരുന്നതിനെത്തുടർന്നാണ് നടപടി. മെഹനാസ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.
ഇയാളുമായി ഫോണിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് ആയ നിലയിലാണ്. റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിൽ മെഹനാസിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് . റിഫയുടെ മരണത്തിന് ശേഷം മകനേയും കുടുംബത്തേയും ഇതുവരെയും മെഹനാസ് കാണാന്‍ വരികയോ അവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മെഹ്നാസിന് മരണത്തില്‍ പങ്കുള്ളത് കൊണ്ടാണെന്ന് ഇത്തരത്തിൽ അകലം പാലിക്കുന്നതെന്ന് അന്വേഷണ സംഘം കരുതുന്നു. മെഹ്നാസിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹ്യത്ത് ജംഷാദിനെ പൊലീസ് രണ്ടു തവണ ചോദ്യം ചെയ്തു. ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണത്തിലെ ദുരൂഹത മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
Content Highlight – Death of Vlogger Rifa Mehnu: Lookout notice for husband Mehnaz