മരണപ്പാച്ചലിന് തടയിട്ട് മോട്ടോര്‍ വാഹനവകുപ്പ്
സ്വകാര്യ ബസുകളുടെ അമിതവേഗം ഉൾപ്പെടെയുള്ള ഗതാഗത നിയമ
ലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കി.
കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ബസുകളുടെ അമിത വേഗത്തിനെതിരെ
വ്യാപക പരാതി ഉയർന്നതോടെ ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ
നിർദേശ പ്രകാരം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ട്
ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 65 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ
മൂന്നു സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 65 വാഹനങ്ങൾക്കെതിരെ
നടപടി സ്വീകരിച്ചു. എയർ ഹോൺ ഉപയോഗം, സ്പീഡ് ഗവേണർ പ്രവർത്തിപ്പിക്കാതിരിക്കൽ,
അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് എന്നിവക്കെതിരെയാണ് നടപടിയെടുത്തത്.
32,500 രൂപ പിഴയിനത്തിൽ വാഹന വകുപ്പ് ഈടാക്കി. ഈ വാഹനങ്ങൾ ഓടിച്ച ഡ്രൈവർമാരോട്
ജൂൺ എട്ടിന് ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിലെ ട്രെയിനിങ് സെന്ററിൽ നിർബന്ധിത പരിശീലനത്തിന് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. വാഹന പരിശോധന വരും ദിവസങ്ങളിലും തുടരും. കഴിഞ്ഞ ഡിസംബറിൽ വെസ്റ്റ്ഹിൽ ഭാഗത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ച സംഭവത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും കലക്ടർ ആർ.ടി.ഒക്ക് നിർദേശം നൽകി.
Content Highlights – Violation of Traffic Law, Department Of Motor Vehicles, Kerala Government