കേരള മാരിടൈം രംഗം കുതിപ്പിൻ്റെ പാതയിൽ- മന്ത്രി ദേവർകോവിൽ
തിരുവനന്തപുരം: കേരള മാരിടൈം രംഗം കുതിപ്പിൻ്റെ പാതയിലാണെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അഹമ്മദാബാദിലെത്തിയ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് ഗുജറാത്ത് മാരിടൈം ബോർഡ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മുന്ദ്ര തുറമുഖവും അനുബന്ധ വ്യവസായ സംരംഭങ്ങളും സന്ദർശിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തന സജ്ജമാക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കേണ്ട മാരിടൈം അധിഷ്ഠിത സംരംഭങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനാണ് സംഘം എത്തിയത്. അദാനി പോർട്ട് ആൻ്റ് സ്പെഷ്യൽ എക്കണോമിക് സോൺ ഡയറക്ടർ കരൺ അദാനിയുമായി വിഴിഞ്ഞത്തിൻ്റെ പ്രവർത്തന പുരോഗതി സംഘം ചർച്ച നടത്തി. നേരത്തെ പ്രഖ്യാപിച്ച പ്രകാരം സപ്തംബറിൽ ആദ്യകപ്പൽ എത്തിക്കാൻ കരാർകമ്പനി നടത്തിയ ഒരുക്കങ്ങൾ വിശദീകരിച്ചു.
മാരിടൈം രംഗത്ത് ഗുജറാത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികൾ നേരിട്ടു വിലയിരുത്തിയ സംഘം ഗുജറാത്ത് ലോ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന ഗുജറാത്ത് മാരിടൈം യൂണിവേഴ്സിറ്റിയും സന്ദർശിച്ച് ചർച്ച നടത്തി. കൊല്ലത്തും, നീണ്ടകരയിലും കേരള മാരിടൈം ബോർഡ് ആരംഭിക്കുന്ന മാരിടൈം അക്കാദമിയുമായി സഹകരിക്കാനുള്ള സന്നദ്ധത ജിഎംബി അറിയിച്ചു.
അദാനി പോർട്ട് ലിമിറ്റഡ് സിഇഒ സുബ്രത് ത്രിപാഠി, എക്സിക്യുട്ടീവ് ഡയറകർ രക്ഷത് ഷാ,
ഗുജറാത്ത് മാരിടൈം ബോർഡ് സിഇഒ രാജ്കുമാർ ബനിവാൾ ഐഎഎസ്, ജനറൽ മാനേജർ ശരത് ശാരംഗതരൻ, ക്യാപ്റ്റൻ എവി സോളങ്കി, ഗുജറാത്ത് ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ ശാന്തകുമാർ, പോളിസി അഡ്മിനിസ്ട്രേറ്റർ ഡോ. ജിവി നരസിംഹ റാവു, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻഎസ് പിള്ള, വിഴിഞ്ഞം പോർട്ട് കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ് സുശീൽ നായർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പിറ്റി ജോയ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിപി അൻവർ സാദത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു