സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ; പരിശോധനയ്ക്ക് സംയുക്ത സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് സ്കൂളുകളിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പരിശോധനയ്ക്ക് സംയുക്ത സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭക്ഷ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ, ആരോഗ്യ, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാകും പരിശോധനയെന്ന് മന്ത്രി അറിയിച്ചു.
ഭക്ഷ്യവിഷബാധയുണ്ടായ എല്ലായിടത്തും നിന്നും സാംപിള്‍ എടുത്തിട്ടുണ്ട്. 5 ദിവസത്തിനകം പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിക്കും. അതിന് ശേഷം ഭക്ഷ്യവിഷബാധയുടെ യഥാര്‍ത്ഥ കാരണം വ്യക്തമാകുമെന്ന് മന്ത്രി പറഞ്ഞു. നാളെയും മറ്റന്നാളുമായി സ്കൂള്‍ പാചകപ്പുരയും പാത്രങ്ങളും പരിശോധിക്കും. പാചകകാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകളില്‍ ഉപയോഗിക്കുന്ന ജലം ഒരാഴ്ച്ചയ്ക്കകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലെയും ജലം 6 മാസം കൂടുമ്പോള്‍ പരിശോധനയ്ക്ക് അയക്കണം. കൂടാതെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണസമയത്ത് സ്കൂളില്‍ എത്തി കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്കി.
Content Highlights – Food poisoning in schools, V Sivankutty, Appointing a committee