നടന്നു പോയാലും ഇന്ഡിഗോയില് കയറില്ല; യാത്രാ വിലക്കില് പ്രതികരണമറിയിച്ച് ഇപി ജയരാജന്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില് യൂത്ത്കോണ്ഗ്രസുകാര് പ്രതിഷേധിച്ച സംഭവത്തില് തനിക്ക് യാത്രാ വിലക്ക് ഏര്പ്പെടുത്തിയതില് പ്രതികരണവുമായി എല്ഡിഎഫ് കണ്വീനര് ഇപി ജയരാജന് രംഗത്ത്. ഇന്ഡിഗോയുടെ യാത്രാ വിലക്ക് നിയമവിരുദ്ധമാണ്. ഇനി ഇന്ഡിഗോയില് കയറില്ലെന്നും നിലവാരമില്ലാത്ത കമ്പനിയാണ് ഇന്ഡിഗോയെന്ന് അറിയില്ലായിരുന്നെന്നും ഇപി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം യാത്രാ വിലക്ക് സംബന്ധിച്ച അറിയിപ്പ് രേഖാമൂലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജയരാജന് പറഞ്ഞു. ഇക്കാര്യം അന്വേഷിച്ചപ്പോള് ഇതുസംബന്ധിച്ച അറിയിപ്പ് കേരളത്തിലെ ഇന്ഡിഗോയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും ജയരാജന് പറഞ്ഞു. താനും ഭാര്യയും ഒന്നിച്ച് ഇന്ഡിഗോയില് യാത്ര ചെയ്യാന് ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്ഡിഗോയുടെ വിമാനങ്ങള് അപകടത്തില്പ്പെടുന്ന വാര്ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന് അറിയിച്ചു.
വിമാനത്തില് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉണ്ടായപ്പോള് താന് ഇടയില് നിന്നതുകൊണ്ടാണ് പ്രതിഷേധക്കാര്ക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന് സാധിക്കാതിരുന്നത്. ഇക്കാര്യം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇന്ഡിഗോ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ ആക്രമണത്തില് നിന്ന് രക്ഷിച്ചതിന് ഇന്ഡിഗോ ശരിക്കും തനിക്ക് അവാര്ഡ് നല്കുകയാണ് വേണ്ടതെന്നും ജയരാജന് വ്യക്തമാക്കി.
Content Highlights – EP Jayarajan reacts to the travel ban imposed on him, Incident of Youth Congress protests against CM Pinarayi Vijayan On plane