യുഡിഎഫിന്റെ പരാതി; എറണാകുളത്ത് ഇലക്ഷന് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റി

എറണാകുളത്ത് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി. യുഡിഎഫ് നല്കിയ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അനിത കുമാരിയെ മാറ്റിയത്. വയനാട്ടിലേക്കാണ് സ്ഥലംമാറ്റം. വയനാട് ഡെപ്യൂട്ടി കളക്ടര്‍ നിര്‍മല്‍ കുമാറിനാണ് പുതിയ ചുമതല.
തൃക്കാക്കരയിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കൂട്ടിച്ചേര്‍ക്കാന്‍ നല്കിയ പുതിയ പേരുകളില്‍ ഭൂരിഭാഗവും തള്ളി എന്നായിരുന്നു ആക്ഷേപം. 2011ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചതെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.
ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് യുഡിഎഫിന് വേണ്ടി നല്കിയ പരാതിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടിരുന്നു.